പ്രതിഷേധക്കാരെ പൊ​ലീ​സ് ബ​ല​മാ​യി അ​റ​സ്റ്റ് ചെ​യ്ത് കൊ​ണ്ടു​പോ​കു​ന്നു

മലിന ജല സംസ്കരണ പ്ലാന്റ് നിർമാണം; കോതിയിൽ വീണ്ടും സംഘർഷം, അറസ്റ്റ്

കോഴിക്കോട്: അമൃത് പദ്ധതിയിൽ കോർപറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പ്ലാന്റിനായുള്ള ചുറ്റുമതിൽ നിർമാണം പുരോഗമിക്കവേ പദ്ധതി പ്രദേശമായ കോതി പള്ളിക്കണ്ടി അഴീക്കൽ റോഡിൽ വീണ്ടും സംഘർഷം. വെള്ളിയാഴ്ച ജനകീയ ഹർത്താലിൽ നിർത്തിവെച്ച നിർമാണം ശനിയാഴ്ച പുനരാംരംഭിച്ചതോടെയാണ് പ്രതിഷേധവും വാക്കേറ്റവും സംഘർഷവുമുണ്ടായത്.

പൊലീസ് കാരണമില്ലാതെ മർദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തതായി ജനകീയ പ്രതിരോധ സമിതി നേതാക്കൾ ആരോപിച്ചു. സംഭവത്തിൽ മുഹമ്മദ് സജൽ, എം.പി. ഉമ്മർ, അറഫാത്ത്, ബാബു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഈ രീതിയിൽ പൊലീസ് പ്രതികരിച്ചാൽ ശക്തമായ പ്രതിഷേധമുയർത്തുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

ശനിയാഴ്ച രാവിലെ 11.30ന് കെ.പി.സി.സി വെസ് പ്രസിഡന്റ് ടി. സിദ്ദീഖ് എം.എൽ.എ പദ്ധതി പ്രദേശം സന്ദർശിച്ച് സമരത്തിന് പിന്തുണ അറിയിച്ചതോടെ പ്രദേശവാസികൾ നിർമാണം നടത്തുന്ന തൊഴിലാളികളോട് പണി നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.

ഇതോടെയാണ് സംഘർഷം ശക്തമായത്. തുടർന്ന് സംഘടിച്ചെത്തിയ നാട്ടുകാർ പ്ലാന്റിന്റെ ചുറ്റുമതിൽ നിർമിക്കുന്ന തൊഴിലാളികളെ തടഞ്ഞു. ഇതോടെ ഉന്തും തള്ളും നടന്നു. എം.എൽ.എ മടങ്ങിയിട്ടും സംഘർഷാവസ്ഥ കുറഞ്ഞില്ല. ഇതിനിടെ പ്രതിഷേധിക്കാനിറങ്ങിയവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. റോഡിലേക്ക് സംഘടിച്ചെത്തിയവരിൽ ഒരാളെ പൊലീസ് മർദിച്ചു. ഇതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള സംഘം പൊലീസിന് നേരെ തിരിഞ്ഞു.

അതിനിടെ അഞ്ചുപേരെ പൊലീസ് വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ടുപോയി. പൊലീസ് നടപടിക്കിടെ യുവാവിന്റെ പല്ലുപോയി. അസി.കമീഷണർ പി. ബിജുരാജ് അടക്കം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് കോതി മേഖലയിലെത്തിയത്.

സ്ത്രീകളെയും കുട്ടികളെയും നിയന്ത്രിക്കാൻ വനിത പൊലീസുമെത്തി. ജനവാസ മേഖലയിൽ ഒരു വിധത്തിലും പ്ലാന്റ് അനുവദിക്കില്ലെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. ജനങ്ങൾക്ക് ആവശ്യമില്ലാത്ത പ്ലാന്റിനെതിരെ സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസ് അടിച്ചമർത്തുകയാണെന്നും ഗുണ്ടാവിളയാട്ടമാണ് നടക്കുന്നതെന്നും ജനകീയ പ്രതിരോധസമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി ആരോപിച്ചു.

പദ്ധതി പ്രദേശത്തിട്ട കരിങ്കല്ലുകൾ ഇളക്കി മാറ്റിയെന്നും പദ്ധതി ഉപേക്ഷിക്കും വരെ സമരം ശക്തമാക്കുമെന്നും സമരക്കാർ പറഞ്ഞു. അമൃത് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ആവിക്കൽതോട്ടിലേതിന് പുറമെ നടപ്പാക്കുന്ന കോതി പ്ലാൻറിനെതിരെ ജനകീയ പ്രതിരോധ സമിതി നൽകിയ ഹരജിയിൽ കോർപറേഷനനുകൂലമായി ഹൈകോടതി ഉത്തരവ് വന്ന സാഹചര്യത്തിലാണ് സ്ഥലം കിളയെടുത്ത് മതിൽ കെട്ടുന്ന പണി കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ചത്. പകൽ മുഴുവൻ പദ്ധതി മേഖലയിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

നിയമസഭയിൽ കൊണ്ട് വരുമെന്ന് ടി. സിദ്ദീഖ് എം.എൽ.എ

ജില്ലയിൽ നിരവധി സ്ഥലമുണ്ടായിട്ടും കോതിയിൽ തന്നെ കൂടിയാലോചിക്കാതെ മലിനജല പ്ലാന്റ് കൊണ്ടുവരുന്നത് കോർപറേഷന്റെ ദുർവാശിയാണെന്ന് സ്ഥലം സന്ദർശിച്ച ടി. സിദ്ദീഖ് എം.എൽ.എ കുറ്റപ്പെടുത്തി. അഞ്ചിന് തുടങ്ങാനിരിക്കുന്ന നിയമസഭയിൽ വിഷയം വീണ്ടും കൊണ്ടുവരാൻ നടപടിയെടുക്കും.

കോടതിയിൽ നിന്നടക്കം വിധികൾ വന്നിട്ടുണ്ടാവാം. ജനം ചോദിക്കുന്നത് വിധിയുടെ പകർപ്പ് എവിടെയെന്നാണ്. കോടതി വിധിയുടെ പകർപ്പ് കിട്ടിക്കഴി‌ഞ്ഞാൽ സമരം അവസാനിപ്പിക്കുമെന്നാണ് സമര സമിതി പറയുന്നത്. ജനങ്ങളെ മുഴുവൻ കൈകാര്യം ചെയ്ത് പണി തുടരാനാണ് കോർപറേഷൻ ആഗ്രഹിക്കുന്നെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. ജനങ്ങളെ ബോധ്യപ്പെടുത്തിയുള്ള വികസനം മാത്രമേ നടക്കുകയുള്ളൂവെന്നും സിദ്ദീഖ് പറഞ്ഞു. 

Tags:    
News Summary - Construction of waste water treatment plant-protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.