മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന ജൈവവൈവിധ്യ കോൺഗ്രസിലെ സ്റ്റാളുകളിൽനിന്ന്
കോഴിക്കോട്: 120 സ്റ്റാളുകൾ, അതിൽ നിറയെ കേരളത്തിന്റെ ജൈവവൈവിധ്യങ്ങൾ. ഇത്രയും നെല്ലിനങ്ങളും പയർ-പച്ചക്കറി ഇനങ്ങളും നമ്മുടെ ഈ കേരളത്തിൽ തന്നെയുണ്ടായതാണോ എന്നു അതിശയം കൂറിപ്പോകുന്നത്രയും വൈവിധ്യം. 300ൽപരം നെല്ലിനങ്ങൾ, കാർഷിക സമ്പന്നമായ പഴയകാലത്തിന്റെ ചരിത്രം പറയുന്ന കൃഷിയുപകരണങ്ങളും വീട്ടുപകരണങ്ങളും. ഒപ്പം പുതിയകാലത്തിന്റെ കൃഷിസാധ്യതകളെ ശാസ്ത്രീയമായി പരിചയപ്പെടുത്തുന്ന ഒട്ടേറെ സ്റ്റാളുകൾ.
അപൂർവമായ കാർഷിക വിളകളുടെ വിത്തുകളും തൈകളും. മൂന്നു ദിവസമായി കോഴിക്കോട് മീഞ്ചന്തയിലെ ആർട്സ് ആൻഡ് സയൻസ് കോളജ് കാമ്പസിൽ നടന്ന രണ്ടാമത് സംസ്ഥാന ജൈവവൈവിധ്യ കോൺഗ്രസിലാണ് കണ്ടും കേട്ടും അറിയാൻ ധാരാളം അവസരങ്ങൾ ഒരുക്കിയത്.
പക്ഷേ, മൂന്നു ദിവസമായി നടന്ന ഈ ഗംഭീര പരിപാടി കോഴിക്കോട് നഗരവാസികൾ പോലും വേണ്ടവിധം അറിഞ്ഞില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കർഷകരും ഭക്ഷ്യസംസ്കരണ സംരംഭകരും, സർവസജ്ജരായി സ്റ്റാളുകൾ നിരത്തിയിട്ടും വേണ്ടത്ര ജനശ്രദ്ധ കിട്ടാതെപോയ സങ്കടം പങ്കുവെച്ചു.
സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിച്ച ഈ പരിപാടി നഗരത്തിന്റെ പ്രധാനഭാഗത്തായിരുന്നുവെങ്കിൽ വൻ ജനപങ്കാളിത്തമുണ്ടാകുമായിരുന്നുവെന്ന് പങ്കെടുത്ത കർഷകരും നാട്ടുകാരും പറയുന്നു. മാസങ്ങളുടെ തയാറെടുപ്പോടെയാണ് ഇവർ സ്റ്റാളൊരുക്കങ്ങൾ നടത്തിയത്.
ഇത്തരം പരിപാടികളിലേക്ക് ജനം ഇരച്ചെത്തുന്നത് കോഴിക്കോടിന്റെ പതിവായിരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് സ്വപ്നനഗരിയിൽ നടത്തിയ കരകൗശല മേളയിലേക്ക് ജനങ്ങൾ ഒഴുകിയപ്പോൾ മേള നീട്ടുകപോലുമുണ്ടായി. ബീച്ചിൽ നടത്തിയ പരിപാടികളിലും വമ്പൻ ജനപങ്കാളിത്തം പതിവായിരുന്നു.
എന്നിട്ടും, ജനശ്രദ്ധയാകർഷിക്കുകയും ഏറെ ഉപകാരപ്രദമാവുകയും ചെയ്യുമായിരുന്ന ജൈവവൈവിധ്യ കോൺഗ്രസ് നഗരത്തിന്റെ തെക്കേയറ്റത്തേക്ക് മാറ്റിയത് പങ്കെടുത്ത കർഷകർക്കും സംരംഭകർക്കും കനത്ത തിരിച്ചടിയായി. സർക്കാർ പരിപാടികൾ സ്വന്തം മണ്ഡലത്തിലേക്ക് റാഞ്ചിയെടുക്കുന്ന മന്ത്രിയുടെ താൽപര്യമാണ് ബേപ്പൂർ മണ്ഡലത്തിന്റെ ഭാഗമായ മീഞ്ചന്ത ആർട്സ് കോളജിലേക്ക് ജൈവവൈവിധ്യ കോൺഗ്രസിനെ എത്തിച്ചതെന്ന് ആക്ഷേപമുണ്ട്.
വേണ്ടത്ര പരസ്യമോ അറിയിപ്പോ ഇല്ലാതെയാണ് കോൺഗ്രസ് നടത്തിയത്. അവസാന ദിവസം സമീപത്തെ ചില സ്കൂളുകളിൽനിന്ന് വിദ്യാർഥികളുമായി അധ്യാപകർ എത്തിയെങ്കിലും കർഷകരുടെ അപൂർവ വിഭവങ്ങളുടെ കച്ചവടം പൊടിപൊടിക്കാതെ പോയി. ശനിയാഴ്ച ഉച്ചക്കുശേഷം ആരംഭിച്ച ജൈവവൈവിധ്യ കോൺഗ്രസ് ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
തിങ്കളാഴ്ച രാവിലെ ജൈവവൈവിധ്യ പരിപാലന സമിതികളുടെ സംഗമം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുമെന്നറിയിച്ചിരുന്നെങ്കിലും മന്ത്രി എത്താതിരുന്നതും നിറംകെടുത്തി. തിങ്കളാഴ്ച വൈകീട്ട് സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.