ആയഞ്ചേരി: വടകര താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ ശുദ്ധജലമെത്തിക്കാനുള്ള ജൽജീവൻ മിഷൻ പദ്ധതിക്കായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി നിർമാണം പൂർത്തിയാക്കിയ കാവിൽ-നീക്കുനി റോഡ് ഉൾപ്പെടെ വെട്ടിപ്പൊളിക്കുന്നു. രണ്ടടി വ്യാസമുള്ള ഭീമാകാരമായ പൈപ്പുകൾ സ്ഥാപിക്കാനായി പാതയുടെ മധ്യഭാഗം കീറിമുറിക്കാനാണ് അധികൃതരുടെ തീരുമാനം. പദ്ധതിക്കാവശ്യമായ പൈപ്പുകൾ പ്രദേശത്ത് വൻതോതിൽ ഇറക്കിത്തുടങ്ങിയതോടെ റോഡിന്റെ ഭാവിയിൽ ആശങ്കയേറി.
ലക്ഷങ്ങൾ മുടക്കി നിർമിച്ച റോഡ് തകർക്കേണ്ട സാഹചര്യം വന്നത് നിർമാണത്തിലെ മുൻകരുതലില്ലായ്മ മൂലമാണ്. കാവിൽ തീക്കുനി റോഡിന്റെ ഇരുവശങ്ങളിലും നിലവിൽ ഗുളികപ്പുഴ പദ്ധതിയുടെ പൈപ്പ് ലൈനുകളുള്ളതിനാൽ പുതിയ ജൽജീവൻ മിഷൻ കുഴലുകൾ സ്ഥാപിക്കാൻ റോഡിന്റെ മധ്യഭാഗം കീറിമുറിച്ചേ മതിയാകൂ. ഇടതുവശത്ത് ഗുളികപ്പുഴ പദ്ധതിയുടെ പുതിയ കുഴലും വലതുവശത്ത് ഉപയോഗശൂന്യമായ പഴയ കുഴലുമാണ് സ്ഥാപിച്ചിട്ടുള്ളത്.
റോഡ് തകർത്ത് പൈപ്പിടാൻ ഒരുങ്ങുമ്പോഴും പദ്ധതിയുടെ അടിസ്ഥാന നിർമാണങ്ങൾ തുടങ്ങിയിട്ടില്ലെന്നതും ഏറെ വിമർശനങ്ങൾക്കിടയാക്കുന്നുണ്ട്. ജൽജീവൻ മിഷന് വെള്ളമെത്തിക്കേണ്ട വേളം കൂരങ്കോട്ട് കടവിലെ കിണർ നിർമാണവും പൈങ്ങോട്ടായി ചന്തുമലയിൽ സ്ഥാപിക്കേണ്ട ശുദ്ധീകരണ പ്ലാന്റിന്റെയും നിർമാണവും ഇനിയും ആരംഭിച്ചിട്ടില്ല.
കൂടാതെ, നേരത്തേ പൈപ്പിടാനായി കുഴിച്ച ഗ്രാമീണ റോഡുകൾ അവതാളത്തിലായ നിലയിൽ കിടക്കുന്നതും ജനരോഷത്തിന് കാരണമാകുന്നുണ്ട്. തകർന്ന റോഡുകൾ പുനഃസ്ഥാപിക്കാതെ വീണ്ടും പുതിയ റോഡുകൾ കുത്തിപ്പൊളിക്കുന്നത് അശാസ്ത്രീയമായ ആസൂത്രണം മൂലമാണ്. കാവിൽ തീക്കുനി റോഡ് കൂടാതെ നിർമാണം പൂർത്തിയായ മറ്റു റോഡുകളും ജലവിതരണത്തിനായി വെട്ടിപ്പൊളിക്കേണ്ടിവരും.
ശുദ്ധജലവിതരണം നടത്തേണ്ട വേളം, ആയഞ്ചേരി, തിരുവള്ളൂർ, മണിയൂർ, ഒഞ്ചിയം, അഴിയൂർ, ചോറോട്, ഏറാമല പുറമേരി, വില്യാപ്പള്ളി, എടച്ചേരി തുടങ്ങിയ പഞ്ചായത്തുകളിലെ നിർമാണം പൂർത്തിയായ റോഡുകളും വെട്ടിപ്പൊളിച്ചു വേണം പുതിയ പൈപ്പ് സ്ഥാപിക്കാൻ. കിണർ, ജലശുദ്ധീകരണ പ്ലാന്റ് എന്നിവ സ്ഥാപിക്കൽ പ്രവൃത്തിക്ക് തുടക്കംകുറിക്കുന്നതിനു മുമ്പാണ് ധിറുതിയിൽ റോഡുകൾ വെട്ടിപ്പൊളിച്ച് ജൽ ജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ അനുമതി കാത്തുനിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.