ആയഞ്ചേരി: നെൽപ്പാടങ്ങളിലേക്കുള്ള അരുത്തോട് ശോചനീയാവസ്ഥയും അട്ട ശല്യവും രൂക്ഷമായതോടെ ആയഞ്ചേരിയിലെ കർഷകർ നെൽകൃഷി ഇറക്കാനാവാതെ ബുദ്ധിമുട്ടുന്നു. തുലാമാസമായിട്ടും ആയഞ്ചേരി ടൗണിനടുത്തുള്ള വയലുകളിൽ നെൽകൃഷി ആരംഭിച്ചിട്ടില്ല. ആയഞ്ചേരി ടൗൺ മുതൽ തറോ പൊയിൽ പാണ്ടി വരെ നീളുന്ന അരുത്തോടുകൾ മണ്ണ് നിറഞ്ഞ് നീരൊഴുക്ക് പൂർണമായും തടസ്സപ്പെട്ട നിലയിലാണ്.
വടകര താലൂക്കിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന പഞ്ചായത്താണ് ആയഞ്ചേരി. എന്നിട്ടും കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നതിനും അധികജലം ഒഴിവാക്കുന്നതിനും കർഷകർ ആശ്രയിക്കുന്ന അരുത്തോട് നവീകരിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇത് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും അനാസ്ഥയാണെന്നാണ് കർഷകരുടെ ആരോപണം.
വേനലിൽ അരുത്തോട് ആഴവും വീതിയും കൂട്ടാനുള്ള നടപടികൾ ഇത്തവണ അധികൃതർ സ്വീകരിച്ചില്ല. തോട് നികന്ന് പുല്ലും മണ്ണും നിറഞ്ഞതോടെ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാതെയായി. കൂടാതെ, വയലുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അട്ട ശല്യം ഈ ഭാഗത്ത് രൂക്ഷമാണ്. ഇത് തൊഴിലാളികൾക്ക് ജോലിക്ക് ഇറങ്ങാൻ പ്രയാസമുണ്ടാക്കുന്നു. കുമ്മായം പ്രയോഗിച്ച് അട്ട ശല്യം കുറയ്ക്കാമെങ്കിലും അത് കർഷകർക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. നിലമുഴുന്നത് പോലുള്ള പ്രാഥമിക കാര്യങ്ങൾ പോലും ഈ വയലുകളിൽ ഇതുവരെ ആരംഭിച്ചിട്ടില്ല.
ഉടൻ കൃഷി ആരംഭിച്ചിട്ടില്ലെങ്കിൽ കതിര് വരുന്ന സമയത്ത് വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാകുമെന്ന ആശങ്കയിലാണ് കർഷകർ. മുൻ വർഷങ്ങളിലും സമാന കാരണങ്ങളാൽ കർഷകർക്ക് ഭീമമായ നഷ്ടം സംഭവിച്ചിട്ടുണ്ട്.
ഇത്രയധികം നെല്ല് ഉത്പാദിപ്പിക്കുന്ന പ്രദേശമായിട്ടും തോട് നിർമാണം പോലുള്ള കാര്യങ്ങളിൽ പഞ്ചായത്തും, വിഷയങ്ങൾ അധികൃതരെ വേണ്ടവിധം ബോധ്യപ്പെടുത്തുന്നതിൽ നെല്ലുൽപ്പാദക സമിതിയും പരാജയമാണെന്നാണ് കർഷകരുടെ പ്രധാന പരാതി. അരുത്തോട് നവീകരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി കർഷകർക്ക് വിളയിറക്കാനുള്ള സൗകര്യം ചെയ്യാൻ അധികൃതർ തയ്യാറാകണമെന്ന് ത റോപ്പൊയിൽ പാടശേഖര സമിതി സെക്രട്ടറി കെ.എം. വേണു മാസ്റ്റർ ആവശ്യപ്പെട്ടു.
മുൻ വർഷങ്ങളിൽ പാടശേഖര സമിതി വഴി അരുത്തോട് നവീകരണത്തിന് തുക അനുവദിച്ചിരുന്നുവെന്നും ഇത്തവണ കർഷകരിൽ നിന്ന് പരാതി ലഭ്യമായിട്ടില്ല എന്നും ആയഞ്ചേരി കൃഷി ഓഫീസർ പി. കൃഷ്ണ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ ഉടൻ അരുത്തോട് നവീകരിച്ച് കർഷകരുടെ ദുരിതം പരിഹരിക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.