കായണ്ണ ഭക്ഷ്യ വിഷബാധ; 50 തോളം പേർ വീണ്ടും ചികിത്സ തേടി

പേരാമ്പ്ര: കായണ്ണയിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് വ്യാഴാഴ്ച 50തോളം ആളുകൾ ചികിത്സ തേടി. കഴിഞ്ഞ ദിവസം നൂറിലധികമാളുകൾ ചികിത്സ തേടിയിരുന്നു. ഇതിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടു കുട്ടികൾക്ക് ഷിഗെല്ലയാണെന്ന് കണ്ടെത്തി. 11ഉം 5ഉം വയസ്സുള്ള കുട്ടികളാണ് ചികിത്സയിലുള്ളത്. കായണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൽമാത്രം വ്യാഴാഴ്ച 28 ആളുകളാണ് എത്തിയത്. ഇവിടെമാത്രം ഇതുവരെ 116 പേർ ചികിത്സ തേടി. ഇതു കൂടാതെ പേരാമ്പ്ര താലൂക്കാശുപത്രിയിലും സഹകരണാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും നിരവധി പേർ ചികിത്സ തേടിയിട്ടുണ്ട്. വയറിളക്കം, ഛർദി, പനി തുടങ്ങിയ രോഗങ്ങളാണ് വിഷബാധയേറ്റവരിൽ കണ്ടുവരുന്നത്. കല്യാണ വീട്ടിൽനിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് സംശയിക്കുന്നു. സംശയമുള്ള വീടുകളിലെ വെള്ളത്തിന്റെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഭക്ഷ്യ വിഷബാധയിൽ കൂടുതൽ ആളുകൾ ചികിത്സക്കെത്തുന്നതോടെ ആരോഗ്യവകുപ്പ് അധികൃതർ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. ബോധവത്കരണം, ക്ലോറിനേഷൻ തുടങ്ങിയവ നടത്തുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ ചടങ്ങ് നടക്കുന്ന വീടുകളിൽനിന്നും വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ഹോട്ടലുകളിലെ വെള്ളത്തിന്റെ സാമ്പിളും പരിശോധനക്ക് അയച്ചിട്ടുണ്ട്. മെഡിക്കൽ ഓഫിസർ ഡോ. ജീജ, ഹെൽത്ത് ഇൻസ്‍പെക്ടർ അബ്ദുൾ അസീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പങ്കജാക്ഷൻ, അശ്വതി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.