നടുക്കുന്ന ഓർമകളുമായി മുഹമ്മദ് ഇല്യാസ് വീടണഞ്ഞു

അതിർത്തിയിൽ വേർപെട്ടുപോയ സുഹൃത്തുക്കൾക്കായി കാത്തിരിപ്പ് വടകര: യുക്രെയ്ൻ യുദ്ധഭൂമിയിലെ . നാട്ടിലെത്തിയതില്‍ സന്തോഷമേറെയുണ്ടെങ്കിലും ഒന്നിച്ചുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് നാട്ടിലെത്താന്‍ കഴിയാത്തതിന്റെ പ്രയാസത്തിലാണ് ഇല്യാസ്. യുക്രെയ്ൻ അതിർത്തിയായ റുമേനിയയിൽവെച്ചാണ് മുഹമ്മദ് ഫായിസ് തീക്കുനി, മുഹമ്മദ് സഹൽ കുറ്റ്യാടി, ആദർശ് കുറ്റ്യാടി എന്നിവരെ ബസ് കയറുമ്പോൾ ഉന്തിലും തള്ളിലും കൈവിട്ടുപോയത്. ഇവർ കയറിയ ബസ് റുമേനിയൻ ക്യാമ്പിലേക്കും ഇല്യാസ് കയറിയ വാഹനം എയർപോർട്ടിലേക്കും യാത്രയായതോടെ വേർപിരിയുകയായിരുന്നു. സുഹൃത്തുക്കൾ സുരക്ഷിതരാണെന്ന് ഇല്യാസ് പറയുന്നു. വിന്നിസ്റ്റിയ നാഷനല്‍ മെഡിക്കല്‍ യൂനിവേഴ്‌സിറ്റി നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാർഥി വേളം തീക്കുനിയിലെ കോട്ടൂര് കുഞ്ഞാലിക്കുട്ടിയുടെയും ഫൗസിയയുടേയും മകന്‍ മുഹമ്മദ് ഇല്യാസ് (21) കടമ്പകളേറെ കടന്നാണ് നാട്ടിലെത്തിയത്. യുദ്ധവും പലായനവും വായിച്ച അറിവിനെക്കാൾ എത്രയോ കഠിനമാണെന്ന് ഇല്യാസ് പറയുന്നു. താമസിക്കുന്ന സ്ഥലത്ത് യുദ്ധഭീഷണി കാര്യമായില്ലെങ്കിലും എപ്പോഴും ഉണ്ടാകാമെന്ന ഭീതിയിലായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷണ സാധനങ്ങള്‍ പലപ്പോഴും കിട്ടാതായി. അതിനിടയിലാണ് അതിർത്തി കടക്കാന്‍ തീരുമാനിച്ചത്. മലയാളികളായ പെണ്‍കുട്ടികളുപ്പെടെ 10 പേരുണ്ടായിരുന്നു. റുമേനിയ അതിർ​ത്തിയിലേക്ക് നീങ്ങാനായിരുന്നു തീരുമാനം. 45 പേരടങ്ങുന്ന സംഘം ഒരു ബസ് ഏര്‍പ്പാടാക്കി 400 കിലോ മീറ്ററിലധികം ദൂരമുള്ള അതിർത്തിയിലേക്ക് നീങ്ങാനിരിക്കെയാണ് ആ ബസ് കൂടുതല്‍ തുക നല്‍കി മറ്റൊരു സംഘം വിളിച്ചത്. കുടുങ്ങിപ്പോകുമോ എന്ന ആശങ്ക നിലനില്‍ക്കവേ മൂന്നു ലക്ഷം രൂപക്ക് മറ്റൊരു ബസ് വിളിച്ച് യാത്ര ആരംഭിച്ചു. എന്നാല്‍, അതിർത്തിയുടെ 15 കിലോ മീറ്റര്‍ ഇപ്പുറം ബസിന് നീങ്ങാനായില്ല. അവിടെ ഇറങ്ങി വാഹനമൊന്നും കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ അതിർത്തിവരെ നടന്നു. നാട്ടുകാരായ സുഹൃത്തുക്കൾ അപ്പോഴും ഒപ്പമുണ്ടായിരുന്നു. അതിർത്തി കടന്ന് ബസില്‍ കയറാന്‍ ശ്രമിക്കുമ്പോൾ മറ്റുള്ളവര്‍ കയറിയെങ്കിലും തനിക്ക് കയറാനായില്ലെന്ന് ഇല്യാസ് പറഞ്ഞു. എന്നാല്‍, ആ ബസ് വിമാനത്താവളത്തിലേക്കല്ലെന്ന് പിന്നീടാണ് മനസ്സിലായത്. പിന്നീട് വന്ന ബസില്‍ ഒന്നും നോക്കാതെ ഇടിച്ചുകയറുകയായിരുന്നു. ഭാഗ്യത്തിന് അത് വിമാനത്താവളത്തിലേക്കായിരുന്നു. റുമേനിയയിൽ സഹായിക്കാന്‍ ഇന്ത്യന്‍ എംബസി രംഗത്തുണ്ടായിരുന്നു. റുമേനിയൻ പൗരൻമാർ സ്നേഹത്തോടെയാണ് സ്വീകരിച്ചതെന്നും ഇല്യാസ് പറയുന്നു. -സജിത് വളയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.