യുദ്ധഭൂവില്‍നിന്ന് ആശ്വാസതീരമണഞ്ഞ്​

മട്ടന്നൂര്‍: യുക്രെയ്നിലെ യുദ്ധഭൂമിയില്‍നിന്ന് പ്രഥമ വിദ്യാർഥിസംഘം കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. ആദ്യം ഗോവയിലെത്തിയ സംഘം ബുധനാഴ്ച പുലര്‍ച്ച 12.35ഓടെയാണ് ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. കണ്ണൂര്‍ ജില്ലയിലെ മൂന്നുപേര്‍, കോഴിക്കോട് ജില്ലയിലെ നാലുപേര്‍, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍, മാഹി സ്വദേശിയായ ഒരാള്‍ എന്നിവരുള്‍പ്പെടെ 11 വിദ്യാർഥികളാണ് കണ്ണൂരിലെത്തിയത്. കണ്ണൂര്‍ സ്വദേശികളായ നവ്യ, ദില്‍ഷ, അക്‌സ, കോഴിക്കോട് സ്വദേശികളായ ഹൃതിക് കൃഷ്ണ, അര്‍ഷാദ്, മുഹമ്മദ് ഇല്യാസ്, ആര്യകൃഷ്ണ, കാസർകോട് സ്വദേശി മിഥുന്‍, വയനാട് സ്വദേശി ലനിന്‍, മലപ്പുറം സ്വദേശി അല്‍ക്ക ജാനറ്റ്, മാഹി കുഞ്ഞിപ്പള്ളി സ്വദേശി അശ്വിന്‍ ദീപക് എന്നിവരാണ് സുരക്ഷിതമായി നാടണഞ്ഞത്. വിദ്യാർഥികള്‍ക്ക് ആവശ്യമായ സഹായങ്ങളുമായി ജില്ല ഭരണകൂടവും റവന്യൂ വകുപ്പും വിമാനത്താവളത്തില്‍ സജ്ജരായിരുന്നു. സ്വന്തം മണ്ണില്‍ കാലുകുത്തിയതോടെ, യുദ്ധഭീതി നിഴലിച്ച പഠിതാക്കളുടെ മുഖഭാവം നറുപുഞ്ചിരിക്കു വഴിമാറി. വിവിധ സംഘടനകള്‍ ഭക്ഷണവും കുടിനീരുമൊരുക്കിയിരുന്നു. വിദ്യാർഥികളെ സ്വീകരിക്കാന്‍ ജനപ്രതിനിധികളും ബന്ധുക്കളും വിമാനത്താവളത്തിലെത്തി. പടം- mtr-airport (2) യുക്രെയ്നില്‍ നിന്നുള്ള വിദ്യാർഥിസംഘം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.