കാപ്പുക്കുന്ന് കുടിവെള്ള പദ്ധതി: ടാങ്കിനു സൗജന്യ സ്ഥലം നൽകി ഹിമ മാതൃകയായി

ഓമശ്ശേരി: അമ്പലക്കണ്ടി എട്ടാം വാർഡിലെ കാപ്പുക്കുന്ന് കുടിവെള്ള പദ്ധതിക്ക്‌‌ ടാങ്കിനുള്ള സ്ഥലം സൗജന്യമായി നൽകി 23കാരിയായ നാഗാളികാവ്‌ മുഴിപ്പുറത്ത്‌ ഹിമ മുഹമ്മദ്‌ മാതൃകയായി. വേനൽക്കാലത്ത്‌ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന നാഗാളികാവ്‌, ജാറംകണ്ടി, പുത്തൂർ ഭാഗങ്ങളിലെ 40 കുടുംബങ്ങൾക്ക്‌ കുടിവെള്ളമെത്തിക്കുന്നതിനാണ്‌ കാപ്പുക്കുന്ന് കുടിവെള്ള പദ്ധതി ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ നടപ്പാക്കുന്നത്‌. മുഴിപ്പുറത്ത്‌ മുഹമ്മദ്‌-സുബൈദ ദമ്പതികളുടെ ഇളയ മകളും ചേന്ദമംഗലൂർ വാവാട്‌ പുത്തൻ പുരക്കൽ യാസീന്റെ ഭാര്യയുമായ ഹിമ മുഹമ്മദ്‌ സൗജന്യമായി നൽകിയ ഭൂമിയുടെ ആധാരം ഹിമ മുഹമ്മദ്‌ വീട്ടങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.അബ്ദുൽ നാസറിന്‌ കൈമാറി. വാർഡ്‌ മെംബറും പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി അധ്യക്ഷതവഹിച്ചു. ഹിമയുടെ മാതാവ്‌ മുഴിപ്പുറത്ത്‌ സുബൈദ, കെ.എ.ടി.എഫ്‌ സംസ്ഥാന പ്രസിഡന്റ് എം.പി. അബ്ദുൽ ഖാദർ, അബു മൗലവി അമ്പലക്കണ്ടി, മുൻ വാർഡ്‌ മെംബർ കെ.ടി. മുഹമ്മദ്‌, എ.കെ. അബ്ദുൽ റഹ്മാൻ, ആർ.എം. അനീസ്‌, പി. ഇബ്രാഹീം ഹാജി, എം. അബൂബക്കർ മാസ്റ്റർ, എം.കെ. പോക്കർ സുല്ലമി, പി.പി. നൗഫൽ, പി. ഹാഫിസുറഹ്മാൻ, അൻസാർ ഇബ്നു അലി, എം.കെ. ഹുസൈൻ, ഇബ്രാഹീം പുറായിൽ, ചെക്കുട്ടി വടക്കേ പറമ്പിൽ എന്നിവർ സംസാരിച്ചു. ആറു മാസം മുമ്പ്‌ പുറായിൽ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്താണ്‌ കുടിവെള്ള പദ്ധതിയുടെ കിണർ നിർമിക്കുന്നത്‌. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന കിണറിന്റെ പ്രവൃത്തി പുരോഗമിക്കുകയാണെന്നും ടാങ്ക്‌ നിർമാണത്തിന്‌ കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ നിന്ന് മൂന്നര ലക്ഷവും പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്ന് ഒന്നര ലക്ഷവും ഉൾപ്പടെ അഞ്ച്‌ ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും പ്രവർത്തികൾ മാർച്ച്‌ 31 നകം പൂർത്തിയാവുമെന്നും വാർഡ്‌ അംഗം യൂനുസ്‌ അമ്പലക്കണ്ടി പറഞ്ഞു. ഫോട്ടോ: കാപ്പുക്കുന്ന് കുടിവെള്ള പദ്ധതിക്ക്‌ സൗജന്യമായി നൽകിയ സ്ഥലത്തിന്റെ രേഖകൾ ഹിമ മുഹമ്മദ്‌ പഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്ദുൽ നാസറിന്‌ കൈമാറുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.