മണന്തലക്കടവ് റോഡ് ഉയർത്തൽ പ്രവൃത്തിക്ക് തുടക്കം

മാവൂർ: ചാലിയാറിൽ ജലനിരപ്പ് ഉയർന്നുതുടങ്ങുമ്പോഴേക്കും വെള്ളം കയറുന്ന മാവൂർ മണന്തലക്കടവ് റോഡ് ഉയർത്തുന്ന പ്രവൃത്തിക്ക് തുടക്കമായി. റോഡിൽ നിലവിലുള്ള കൽവർട്ട് പുതുക്കിപ്പണിയുന്ന പ്രവൃത്തിയാണ് ബുധനാഴ്ച തുടങ്ങിയത്. റോഡിന്‍റെ പകുതിഭാഗം പൊളിച്ചാണ് കൽവർട്ട് പണിയുന്നത്. പ്രവൃത്തിക്കായി റോഡ് അളന്ന് അടയാളപ്പെടുത്തുകയും ചെയ്തു. ജില്ല പഞ്ചായത്ത് അനുവദിച്ച 88 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് ഉയർത്തുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് കരാറെടുത്തത്. മാവൂർ അങ്ങാടിയിൽനിന്ന് തുടങ്ങി ചാലിയാറിൽ മണന്തലക്കടവുവരെ 900 മീറ്ററോളം ദൈർഘ്യമുള്ള റോഡിൽ പുലപ്പാടി മുതൽ മണന്തലക്കടവ് നമസ്കാര പള്ളിവരെയുള്ള 510 മീറ്ററാണ് ഉയർത്തുന്നത്. പരമാവധി ഒന്നര മീറ്റർവരെ റോഡ് ഉയർത്തും. മാവൂർ പാടത്തിന് സമാന്തരമായി നിലവിലുള്ള പാർശ്വഭിത്തി നിലനിർത്തി ഇരുഭാഗത്തും കരിങ്കൽഭിത്തി കെട്ടി ഉയർത്തുകയാണ് ചെയ്യുക. ഏഴ് മീറ്റർ വീതിയിൽ കെട്ടി ഉയർത്തുന്ന റോഡിന് അഞ്ചര മീറ്റർവരെ ടാറിങ് നടത്താനാവും. കൽവർട്ട് പുതുക്കിപ്പണിയുക, ഇരുഭാഗത്തും കരിങ്കൽഭിത്തി കെട്ടി മണ്ണ് നിറക്കുക എന്നീ പ്രവൃത്തികൾക്കാണ് നിലവിൽ ഫണ്ട് അനുവദിച്ചത്. ഇതു തീരുന്നമുറക്ക് സോളിങ്, ടാറിങ് തുടങ്ങിയ തുടർപ്രവൃത്തിക്ക് ഫണ്ട് ലഭ്യമാക്കാൻ ശ്രമം നടക്കുന്നുണ്ട്. മാവൂർ പാടത്തിന്‍റെ കിഴക്കുഭാഗത്തുകൂടി കടന്നുപോകുന്ന റോഡ് മണന്തലക്കടവ് മുതൽ പൂളക്കോട് വരെയുള്ള ചാലിയാർ തീരദേശവാസികൾക്ക് മാവൂർ അങ്ങാടിയുമായി ബന്ധപ്പെടാനുള്ള ഏകവഴിയാണിത്. റോഡ് വെള്ളത്തിൽമുങ്ങുന്നതോടെ ഈ ഭാഗത്തെ നാൽപതിലധികം കുടുംബങ്ങൾ തീർത്തും ഒറ്റപ്പെടുകയാണ് പതിവ്. റോഡ് ഉയർത്തണമെന്ന ഏറെക്കാലത്തെ ആവശ്യമാണ് യാഥാർഥ്യമാകുന്നത്. പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി ഏഴിന് വൈകീട്ട്​ നാലിന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീജ ശശി നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.