കോവിഡാനന്തര ശ്വാസകോശ പ്രശ്നങ്ങൾക്ക് പരിഹാരമായി ശസ്ത്രക്രിയ കോഴിക്കോട്: കോവിഡാനന്തരം ശ്വാസകോശ പ്രശ്നങ്ങൾമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആശ്വാസവാർത്ത. കോവിഡിന് ശേഷം ശ്വാസകോശത്തെ ബാധിക്കുന്ന പല പ്രശ്നങ്ങളും ശസ്ത്രക്രിയകൊണ്ട് പരിഹരിക്കാം. കോവിഡാനന്തരം ശ്വാസകോശത്തിൽ പഴുപ്പ് ബാധിച്ചയാൾക്ക് ശസ്ത്രക്രിയയിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിച്ചുവെന്ന് തൊറാസിക് സർജൻ ഡോ. നാസർ യൂസഫ് പറഞ്ഞു. ബേപ്പൂർ സ്വദേശിയായ 52കാരന് പി.വി.എസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. കഠിനമായ പനി, നെഞ്ചുവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ പ്രശ്നങ്ങളുമായി ഗുരുതരാവസ്ഥയിൽ മേയ് 22ന് രാത്രിയാണ് ഇദ്ദേഹം ആശുപത്രിയിൽ ചികിത്സതേടുന്നത്. മാസങ്ങൾക്ക് മുമ്പ് കോവിഡ് ബാധിച്ച ഇദ്ദേഹത്തിന് കോവിഡ് നെഗറ്റിവായിട്ടും അസ്വസ്ഥതകൾ തുടരുകയായിരുന്നു.ഓക്സിജൻ നില താഴുക, ന്യുമോണിയ, ശ്വാസകോശത്തിൽ നീർക്കെട്ട് എന്നിവ കണ്ടെത്തി. ശക്തിയേറിയ ആൻറി ബയോട്ടിക്കുകൾ നൽകിയിട്ടും ശ്വാസതടസ്സം മാറിയില്ല. നീര് കുത്തിയെടുത്ത് ഒഴിവാക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. തുടർന്ന് സി.ടി സ്കാൻ നടത്തിയപ്പോഴാണ് ന്യുമോണിയയും ശ്വാസകോശത്തിലെ പഴുപ്പും സ്ഥിരീകരിച്ചത്. പഴുപ്പ് ശ്വാസകോശത്തിന് ചുറ്റും പടർന്ന് കട്ടപിടിച്ചതിനാൽ ശ്വാസകോശം ചുരുങ്ങിപ്പോയിരുന്നു. കട്ടപിടിച്ചതിനാൽ പഴുപ്പ് ട്യൂബ് വഴി ഒഴിവാക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. തുടർന്നാണ് ശസ്ത്രക്രിയ ചെയ്യാൻ തീരുമാനമായത്.കോവിഡ് ബാധിച്ച ശ്വാസകോശത്തിൽ ശസ്ത്രക്രിയ ചെയ്യുന്നത് വെല്ലുവിളിയായിരുന്നെന്ന് ഡോ. നാസർ യൂസഫ് പറഞ്ഞു. ജൂൺ ആറിന് ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശ്വാസകോശത്തിന് ചുറ്റും കട്ടപിടിച്ചുകിടന്ന ഒരുകിലോയോളം വരുന്ന പഴുപ്പാണ് ആറ് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ നീക്കിയത്. ശസ്ത്രക്രിയക്ക് ശേഷം ശ്വാസകോശത്തിൻെറ പ്രവർത്തനം വേഗത്തിൽതന്നെ സാധാരണഗതിയിലായി. ഓക്സിജനും സാധാരണ നിലയിൽ ആയി. തുടർന്ന് ഒരാഴ്ചക്ക് ശേഷം ഓക്സിജൻ പിന്തുണയില്ലാതെതന്നെ ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തുവെന്നും ഡോക്ടർ അറിയിച്ചു.കോവിഡാനന്തര പ്രശ്നങ്ങൾ സാധാരണയായി ശ്വാസകോശം, ഹൃദയം, മസ്തിഷ്കം എന്നിവിടങ്ങളെയാണ് ബാധിക്കുന്നത്. ശ്വാസകോശ കലകൾ കട്ടികൂടുന്ന ലങ് ഫൈബ്രോസിസ് എന്ന അവസ്ഥ ആറു മാസം വരെ നിലനിൽക്കാമെന്നും ഡോക്ടർമാർ പറയുന്നു. കേവിഡാനന്തരമുണ്ടാകുന്ന ന്യൂമോ തെറാക്സ്, റെപ്ചേർഡ് ലങ്, കാവിറ്റി, ലങ് ഇൻഫ്രാക്ട് തുടങ്ങി ചില ശ്വാസകോശ പ്രശ്നങ്ങൾ ശസ്ത്രക്രിയ കൊണ്ട് മാറാവുന്നതാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു. ബേപ്പൂർ സ്വദേശിക്ക് ഡോ. നാസർ യൂസഫിൻെറ നേതൃത്വത്തിൽ ഡോ. ശ്രുതി ഹരിദാസ്, ഡോ. അജിത് ഭാസ്കർ, ഡോ. നളിനി വാര്യർ, ഡോ. അനു തോമസ്, ഡോ. അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ ലഭ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.