ലഹരി വിമുക്ത സമൂഹം: കർമ പദ്ധതിയുമായി സാമൂഹികനീതി വകുപ്പ്

ലഹരി വിമുക്ത സമൂഹം: കർമ പദ്ധതിയുമായി സാമൂഹികനീതി വകുപ്പ് കോഴിക്കോട്: സമൂഹത്തില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിന് സാമൂഹികനീതി വകുപ്പ് ആവിഷ്‌കരിച്ച 'നശാ മുക്ത് ഭാരത്' (ലഹരി വിമുക്ത ഭാരതം) നടപ്പാക്കുന്നതിന് കർമപദ്ധതി ആവിഷ്‌കരിച്ചു. ലഹരിക്കെതിരെ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് റിസോഴ്സ് ടീം രൂപവത്​കരിക്കും. അതിനായി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി, നാഷനല്‍ സര്‍വിസ് സ്‌കീം, നെഹ്റു യുവകേന്ദ്ര തുടങ്ങിയവയുടെ സന്നദ്ധപ്രവർത്തകർക്ക് വിദഗ്ധര്‍ പരിശീലനം നല്‍കും. സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍, ജനപ്രതിനിധികള്‍, അംഗൻവാടി പ്രവര്‍ത്തകര്‍, റസിഡൻറ്​സ് അസോസിയേഷന്‍ അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പരിശീലന പരിപാടികളില്‍ ഉള്‍പ്പെടുത്തി ലഹരി വിരുദ്ധ സന്ദേശം സമൂഹത്തി ൻെറ താഴെ തട്ടില്‍ എത്തിക്കും. പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന് പൊലീസ്, ആരോഗ്യവകുപ്പ് , എക്സൈസ് തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കും. 'നശാമുക്ത് ഭാരത് അഭിയാന്‍' നടപ്പാക്കുന്നതിന് കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം തെരഞ്ഞെടുത്തിരിക്കുന്ന രാജ്യത്തെ 272 ജില്ലകളില്‍ ഒന്നാണ് കോഴിക്കോട്. കര്‍മപദ്ധതി അംഗീകരിക്കാന്‍ ചേര്‍ന്ന ജില്ലാതല നശാമുക്ത് കാമ്പയിന്‍ കമ്മിറ്റി യോഗത്തില്‍ സബ് കലക്ടര്‍ ജി. പ്രിയങ്ക അധ്യക്ഷത വഹിച്ചു. ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ഷൈജല്‍, കോഴിക്കോട് റൂറല്‍ നാര്‍കോട്ടിക്സ് വിഭാഗം ഡിവൈ.എസ്.പി സുന്ദരന്‍, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി.സി. ഗീത തുടങ്ങിയവർ പങ്കെടുത്തു. ജില്ല സാമൂഹികനീതി ഓഫിസര്‍ അഷ്റഫ് കാവില്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സിനോ സേവി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.