അപരനെ പിടിച്ച്​ കീശയിലാക്കിയിട്ടും സുരേന്ദ്ര​ന്​​ മഞ്ചേശ്വരം കിട്ടാക്കനി

കാസർകോട്​: കെ. സുന്ദരയെന്ന അപരനായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ താരം. വെറും 89 വോട്ടിന്​ ബി.ജെ.പി സ്​ഥാനാർഥി കെ. സുരേന്ദ്രനെ മഞ്ചേശ്വരം മണ്ഡലം കൈവിട്ടപ്പോൾ ഈ അപരൻ പിടിച്ചത്​​ 467 വോട്ടായിരുന്നു. ബി.ജെ.പിക്ക്​ കി​ട്ടേണ്ട വോട്ട്​ അപരൻ പിടിച്ചെന്നും ഇത്തരമൊരു അവസ്​ഥ ഉണ്ടാവരുതെന്നും​ പാർട്ടി​െയന്ന്​ ശപഥം ചെയ്​തുകാണും. ഇത്തവണയും വന്നു പഴയ അപരൻ ​പത്രിക സമർപ്പിക്കാൻ. സ്വതന്ത്രവേഷത്തിനുപകരം ബി.എസ്​.പി കുപ്പായമിട്ടാണ്​ എത്തിയത്​. നാമനിർദേശ പത്രികയും സമർപ്പിച്ചു. വിവരം കാട്ടുതീപോലെ എത്തേണ്ടിടത്തെല്ലാം എത്തി. കുറച്ചു​ ദിവസം കഴിഞ്ഞപ്പോൾ സ്​ഥാനാർഥിയെ കാണാനില്ലെന്ന്​ കഥ പരക്കുന്നു. ബി.എസ്​.പി ജില്ല ഭാരവാഹി പൊലീസിൽ പരാതി നൽകിയതോടെ കേട്ടത്​ സത്യമെന്നറിഞ്ഞു. പരാതി വാങ്ങിയ പൊലീസ്​ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ്​ കെ. സുന്ദര പത്രിക പിൻവലിക്കുന്ന കാര്യം പുറത്തറിയുന്നത്​. ആളെ കണ്ടെത്തിയതോടെ, പരാതി സ്വീകരിക്കാൻ പൊലീസ്​ മിനക്കെട്ടില്ല. വളരെ തന്ത്രപരമായി അപരനെ സ്വന്തമാക്കിയെന്ന്​ നാട്ടിൽ പാട്ടായി. പത്രിക പിൻവലിച്ച്​ സുന്ദര എൻ.ഡി.എക്കൊപ്പം നിൽക്കാൻ തീരുമാനിച്ചതായി ബി.ജെ.പി നേതാക്കൾ വിശദീകരിച്ചതോടെ അഭ്യൂഹങ്ങൾക്ക്​ വിരാമമിട്ടു. അങ്ങനെ വലിയൊരു പാര പോയെന്ന്​ കരുതിയ​പ്പോഴാണ്​ എം. സുരേന്ദ്രൻ എന്ന അപരൻ 197 വോട്ട് പിടിച്ചത്​. ഇത്തവണ 745 വോട്ടി​ന്​ മുസ്​ലിം ലീഗി​ലെ എ.കെ.എം. അഷ്​റഫിനോട്​ ​തോറ്റതിനാൽ 197 അത്ര വലിയ സംഖ്യയല്ലെന്ന ആശ്വാസത്തിലാണ്​ പാർട്ടി. അതിനാൽതന്നെ, അപരൻ ചതിച്ചെന്ന വേവലാതിയും ഇല്ല. തലനാരിഴക്കാണ്​ ബി.ജെ.പിക്ക്​ മണ്ഡലം നഷ്​ടപ്പെട്ടതെന്നതിനാൽ കഴിഞ്ഞതവണ 759 വോട്ട്​ നേടിയ പി.ഡി.പി ഇത്തവണ മത്സര രംഗത്തുണ്ടായില്ല. ഇത്​ യു.ഡി.എഫിന്​ ഗുണം ചെയ്​തുകാണുമെന്നാണ്​ നിഗമനം. പ്രവീണ്‍ കുമാര്‍. എസ് (അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മൻെറ്​ പാര്‍ട്ടി ഓഫ് ഇന്ത്യ)- 251, ജോണ്‍ ഡിസൂസ ഐ (സ്വത.)-181 എന്നിങ്ങനെയാണ്​ മണ്ഡലത്തിലെ മറ്റുള്ളവരുടെ വോട്ടുകണക്ക്​. ലീഗ്​ സ്​ഥാനാർഥിയുടെ ഭൂരിപക്ഷത്തി​ൻെറ അത്രവരില്ലെങ്കിലും മണ്ഡലത്തിൽ നോട്ടക്കും കിട്ടി 387 വോട്ട്​. -എം.സി.നിഹ്​മത്ത്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.