ചൈന: ചർച്ച പരാജയപ്പെട്ടാൽ സൈനിക നടപടി -സംയുക്ത സേന മേധാവി

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കം ചർച്ചകളിലൂടെ പരിഹരിക്കാനായില്ലെങ്കിൽ അടുത്ത ഘട്ടം സൈനിക നടപടിയെന്ന്​ സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത്​. കിഴക്കൻ ലഡാക്​ ഉൾപ്പെടെ ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിൽ ചൈനീസ്​ സൈന്യം അതിക്രമിച്ചുകയറിയതിനെ തുടർന്ന്​ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ്​ വേണ്ടിവന്നാൽ സൈനിക നടപടിക്ക്​ ഇന്ത്യ തയാറാണെന്ന്​ സേന മേധാവി മുന്നറിയിപ്പു നൽകിയത്​​. എന്ത്​ നടപടിക്കും സൈന്യം സുസജ്ജമാണെന്നും ചർച്ചകൾ അന്തിമമായി പരാജയപ്പെട്ടാൽ മാത്രമേ സൈനിക നടപടി​ ആലോചിക്കൂവെന്നും ജനറൽ കൂട്ടിച്ചേർത്തു. എന്നാൽ, സൈനിക നടപടി സംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സേന മേധാവി തയാറായിട്ടില്ല. കിഴക്കൻ ലഡാക്, ഫിംഗർ ഏരിയ, ഗൽവാൻ വാലി, ഹോട്ട്​ സ്​പ്രിങ്​, കോംഗുറങ്​ നള തുടങ്ങി ഇന്ത്യയുടെ തന്ത്രപ്രധാന അതിർത്തി മേഖലകളിലാണ് ഏപ്രിൽ-മേയിലായി​ ചൈനീസ്​ സൈന്യം അതിക്രമിച്ചുകയറി നിർമാണ പ്രവർത്തനം ആരംഭിച്ചത്​​​​. ഇന്ത്യൻ സൈന്യം തടയാൻ ശ്രമിച്ചതോടെ സംഘർഷം ഉടലെടുത്തു. തുടർന്ന്​ ജൂൺ 15ന് ഗൽവാൻ താഴ്​വരയിൽ​ ഇരു സൈന്യവും നേർക്ക​ുനേർ ഏറ്റുമുട്ടുകയും ​ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചെയ്​തിരുന്നു​. ചൈനീസ്​ ഭാഗത്തും കനത്ത നഷ്​ടം സംഭവിച്ചു. പിന്നാലെ​ തർക്കം പരിഹരിക്കുന്നതിന്​​ സൈനിക, നയതന്ത്ര തലത്തിൽ ചർച്ചകൾ ആരംഭിച്ചെങ്കിലും ഫലപ്രാപ്​തിയിലെത്തിയിട്ടില്ല​. തുടർ ചർച്ചകൾ വേണമെന്ന നിലപാടിലാണ്​ ഇരു രാജ്യങ്ങളും. ഇക്കഴിഞ്ഞ വ്യാഴാഴ്​ച വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ നയതന്ത്ര തലത്തിൽ വീണ്ടും ചർച്ച നടത്തിയിരുന്നു. നിലവിലെ കരാറുകൾ പ്രകാരം യഥാർഥ നിയന്ത്രണ രേഖയിൽ തൽസ്​ഥിതി നിലനിർത്താനും മേഖലയിൽ സമാധാനം പുനഃസ്​ഥാപിക്കാനും ദ്രുതഗതിയിലുള്ള നടപടി സ്വീകരിക്കുമെന്ന്​ ഇരു രാജ്യങ്ങളും ഉറപ്പുനൽകിയിട്ടു​ണ്ട്​. എന്നാൽ, സംഘർഷ മേഖലകളിൽനിന്ന്​ പൂർണമായും പിന്മാറാൻ ചൈനീസ്​ സൈന്യം ഇനിയും തയാറായിട്ടില്ലെന്നാണ്​​ സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.