കരട്‌ വിജ്ഞാപനം: ഒറ്റക്കെട്ടായി പരാതി നൽകണമെന്ന് ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

കോടഞ്ചേരി: മലബാർ വന്യജീവിസങ്കേതത്തിനു ചുറ്റിലും പരിസ്ഥിതിലോല മേഖല പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് പരാതി നൽകണമെന്ന് താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ബഫർ സോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലറിലാണ് ഇൻഫാം ദേശീയ രക്ഷാധികാരിയും കർഷക ഐക്യസമിതി രക്ഷാധികാരിയുമായ ബിഷപ് ഇക്കാര്യം ആഹ്വാനം ചെയ്തത്. വന്യജീവിസങ്കേതവും പരിസ്ഥിതിലോല പ്രദേശങ്ങളും പ്രഖ്യാപിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളോ നിയമവശങ്ങളോ പാലിക്കാതെ, ജനജീവിതത്തെ ദുരിതപൂർണമാക്കുന്ന വിധത്തിലാണ് സംസ്ഥാന സർക്കാറി‍ൻെറ ശിപാർശയോടെയുള്ള കരട്. നിർദിഷ്​ട വന്യജീവിസങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റർ വായുദൂരത്തിലുള്ള പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനവും റദ്ദ് ചെയ്യണം. പരിസ്ഥിതിലോല മേഖല വനത്തിനുള്ളിൽ മാത്രമായി ഒതുക്കി നിലനിർത്തണം. വിജ്ഞാപനത്തിനെതിരെ നിയമപരമായും രാഷ്​ട്രീയമായും നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തുകളും ഗ്രാമസഭകളും പ്രമേയം പാസാക്കണം. കോടതി വഴി ഈ അനീതിയെ ചോദ്യം ചെയ്യാൻ ജനങ്ങൾ മുന്നോട്ടുവരണം. ആഗസ്​റ്റ്​​ അഞ്ചിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരെ 60 ദിവസ സമയപരിധിക്കുള്ളിൽ ജനങ്ങൾ വ്യക്തിപരമായും കൂട്ടായും പരാതി നൽകണം. സാമൂഹിക, സാംസ്കാരിക, സാമുദായിക, കർഷക സംഘടനകൾ കക്ഷി, രാഷ്​ട്രീയ, മതചിന്തകൾക്ക് അതീതമായി ഒരുമിച്ചുനിന്ന് ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്നും ബിഷപ് അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.