നന്മണ്ടയിൽ ഒരാൾക്കുകൂടി കോവിഡ്; സമ്പർക്ക പട്ടിക വിപുലം

നന്മണ്ട: ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ 54കാരന്​ കോവിഡ്​ ബാധിച്ചു. സമ്പർക്കപ്പട്ടിക വിപുലമാണെന്നത് ആരോഗ്യ പ്രവർത്തകരിലും നാട്ടുകാരിലും ഒരുപോലെ ആശങ്ക പടർത്തുന്നു. ഇദ്ദേഹം സമ്പർക്കം പുലർത്തിയ എട്ട് കടകൾ അണുനശീകരണം നടത്തിയതിനുശേഷം മാത്രമേ തുറക്കാവൂ എന്ന് അധികൃതർ നിർദേശം നൽകി. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോവണമെന്നും അസുഖ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ 54കാരനുമായി ബന്ധപ്പെട്ടവരുടെ പരിശോധനകൾ നടക്കുമെന്നും അധികൃതർ അറിയിച്ചു. ഏഴ്, എട്ട് വാർഡുകളിലായി ഇപ്പോൾ മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴാം വാർഡിലെ ആരോഗ്യ പ്രവർത്തകനും ബാങ്ക് ജീവനക്കാരനുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. പ്രദേശത്തെ പുതിയോട്ടിൽ-കുട്ടല്ലൂർ ക്ഷേത്രം റോഡ്, മണ്ണാത്തിക്കടവ്-അംഗൻവാടി റോഡ് എന്നിവ അടച്ചു. ഇവർ രണ്ടുപേരുടെ സമ്പർക്കപ്പട്ടികയിൽ അംഗങ്ങൾ കുറവാണെന്നതും വെള്ളിയാഴ്ച പരിശോധന നടത്തിയ 36 പേരുടെയും പരിശോധന ഫലം നെഗറ്റിവായതും ആശ്വാസകരമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.