ഓണത്തിന് കെ.എസ്.ആർ.ടി.സിയുടെ കർണാടക സർവിസ്

കോഴിക്കോട്​: കെ.എസ്.ആര്‍.ടി.സി ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും ഓണത്തിന് സ്‌പെഷല്‍ സര്‍വിസുകള്‍ നടത്തുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന്​ പാലക്കാടും കോഴിക്കോടും വഴിയാണ് റിസർവേഷന്‍ സൗകര്യമുള്ള സര്‍വിസ് നടത്തുക. www.online.keralartc.com എന്ന വെബ്‌സൈറ്റില്‍ ടിക്കറ്റ് റിസർവേഷൻ തുടങ്ങി. മതിയായ യാത്രക്കാരില്ലെങ്കില്‍ സര്‍വിസ് നിര്‍ത്തിവെക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാറുകള്‍ പെട്ടെന്ന് അനുമതി നിഷേധിച്ചാല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കുമെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാറുകളുടെ എല്ലാ തരത്തിലുള്ള അനുമതിയും ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 10 ശതമാനം അധികനിരക്കുള്‍പ്പെടെ എൻഡ്​ ടു എൻഡ്​ നിരക്കുകള്‍ പ്രകാരമാണ് സർവിസ് നടത്തുക. എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്​റ്റര്‍ ചെയ്യണം. യാത്രക്കുമുമ്പ് കേരളത്തിലേക്കുള്ള യാത്രാപാസ് കരുതണം. ആവശ്യപ്പെടുന്ന പക്ഷം ഹാജരാക്കണം. യാത്രയിൽ മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന് ഉറപ്പാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. യാത്രക്കുമുമ്പ്​ ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. യാത്രയുമായി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 9447071021 എന്ന നമ്പറിലും www.online.keralartc.com വെബ്‌സൈറ്റിലും​ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.