മീൻവണ്ടിയായി മിനുങ്ങും ആനവണ്ടികൾ

പഴക്കംചെന്ന കെ.എസ്‌.ആർ.ടി.സി ബസുകൾ രൂപമാറ്റം വരുത്തി ഫിഷ്‌ ബൂത്താക്കാൻ ഒരുങ്ങുകയാണ് മത്സ്യഫെഡ്‌ സലീം പാടത്ത് ബേപ്പൂർ: കെ.എസ്‌.ആർ.ടി.സി ബസുകളിൽ ഇനി ടിക്കറ്റെടുക്കാതെ കയറാം. പെടക്ക്ണ മീൻവാങ്ങി ഇറങ്ങാം. പഴക്കംചെന്ന ബസുകൾ രൂപമാറ്റം വരുത്തി ഫിഷ്‌ ബൂത്താക്കാൻ ഒരുങ്ങുകയാണ് മത്സ്യഫെഡ്‌. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ കെ.എസ്‌.ആർ.ടി.സി ഡിപ്പോകളിലെ പഴയ ബസുകളാണ്‌ ഇതിനായി ഉപയോഗിക്കുക‌. ഇതു‌ സംബന്ധിച്ച കരാർ ഉടൻ കെ.എസ്‌.ആർ.ടി.സിയുമായി ഒപ്പു​െവക്കും. വാടകക്കാണ്‌ ബസ്‌ ഇതിനായി വിട്ടുനൽകുക. ആദ്യഘട്ടത്തിൽ 10 ഡിപ്പോയിലെ 10 ബസുകളിൽ ‌ബൂത്ത്‌ സ്ഥാപിക്കുകയാണ്‌‌ ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലാണ് പദ്ധതിയുടെ തുടക്കം കുറിക്കുക. പിന്നീട്​ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. തിരക്കേറിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും ബൂത്തുകൾ തുടങ്ങുക. നിലവിൽ മത്സ്യഫെഡി​ൻെറ ബൂത്ത്‌ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കും. ഓണത്തിനു‌ മുമ്പ്‌ കുറഞ്ഞത്‌ 50 ബസുകളിൽ ബൂത്ത്‌ തുടങ്ങുകയാണ്‌‌ ലക്ഷ്യം. വിപണനരംഗത്ത്‌ കുതിച്ചുചാട്ടം നടത്തുകയെന്ന ലക്ഷ്യത്തോടെ സഹകരണ ബാങ്കുകളുമായി സഹകരിച്ച്​ ഫിഷ്‌ ബൂത്തുകൾ തുടങ്ങാൻ ധാരണയായിട്ടുണ്ട്‌. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ 15 സഹകരണ ബാങ്കുകൾ ഇതിനു സന്നദ്ധത അറിയിച്ചുകഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.