മണ്ണ് പരിശോധന വൈകുന്നു; സ്കൂളുകൾക്ക് കെട്ടിടത്തിനുള്ള ഫണ്ട് പാഴാകുമെന്ന് ആശങ്ക

മാവൂർ: ഗ്രാമപഞ്ചായത്തിലെ രണ്ട് സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിക്കാൻ കിഫ്ബി വഴി അനുവദിച്ച രണ്ട് കോടി രൂപ പാഴാകുമെന്ന് ആശങ്ക. മണ്ണ് പരിശോധനയും സ്ട്രക്ചറൽ ഡിസൈനിങ്ങും നടക്കാൻ വൈകുന്നതാണ് കാരണം. ഇവ നടത്താനുള്ള ഫണ്ട് ഗ്രാമ പഞ്ചായത്തി​ൻെറ കൈവശം ഇല്ലെന്ന പ്രസിഡൻറ് രേഖാമൂലം അറിയിച്ചതോടെയാണ് ആശങ്ക ഉയരുന്നത്. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ആറ് സ്കൂളുകൾക്കാണ് കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി പുതിയ കെട്ടിടം പണിയുന്നതിന് ഓരോ കോടി രൂപ വീതം അനുവദിച്ചത്. നായർകുഴി ഗവ. ഹയർ സെക്കൻഡറി, ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി, പെരുമണ്ണ ഇ.എം.എസ് ഹയർ സെക്കൻഡറി, കൊടൽനടക്കാവ് ജി.യു.പി, മാവൂർ ജി.എം.യു.പി, മണക്കാട് ജി.യു.പി എന്നീ സ്കൂളുകൾക്കാണ് തുക വകയിരുത്തിയത്. വിശദ പദ്ധതി തയാറാക്കുന്നതിന് മണ്ണ് പരിശോധന നടത്താൻ ഗ്രാമ പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ഒരു സ്കൂളിന് 93,000 രൂപയാണ് ചെലവുവരിക. മറ്റ് നാല് സ്കൂളുകളിലും അതത് ഗ്രാമ പഞ്ചായത്തുകൾ അനുവദിച്ച തുക ഉപയോഗിച്ച് മണ്ണുപരിശോധന നടത്തി വിശദ പദ്ധതി തയാറാക്കിയിട്ടുണ്ട്. എന്നാൽ, മാവൂർ ഗ്രാമ പഞ്ചായത്തിലെ മണക്കാട് ജി.യു.പി സ്കൂളിലും മാവൂർ ജി.എം.യു.പി സ്കൂളിലും മണ്ണ് പരിശോധനയും സ്ട്രക്ചറൽ ഡിസൈനിങ്ങും നടന്നിട്ടില്ല. രണ്ട് സ്കൂളുകൾക്കുമായി ചെലവുവരുന്ന 1,86,000 രൂപ നൽകാൻ പ്രയാസമാണെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അസി. എൻജിനീയർക്ക് നൽകിയ മറുപടി. ഗ്രാമ പഞ്ചായത്തി​ൻെറ തനത് മിച്ചം നിലവിൽ കമ്മിയാണെന്നും വിവിധ സ്ഥാപനങ്ങളിൽനിന്ന് പഞ്ചായത്ത് കടമെടുത്ത ആറ് കോടി രൂപ അടക്കാനുണ്ടെന്നും ഈ സാഹചര്യത്തിൽ കിഫ്ബി പ്രവൃത്തികൾക്ക് തുക വകയിരുത്താൻ കഴിയില്ലെന്നുമാണ് അറിയിച്ചത്. മണ്ണ് പരിശോധനക്ക് ഫണ്ടില്ലാത്തതിനാൽ സ്കൂൾ വികസനത്തിനുള്ള ഒരുകോടി രൂപ വീതം നഷ്​ടപ്പെടുന്നത് വിവാദമായിട്ടുണ്ട്. അതേസമയം, ഗ്രാമ പഞ്ചായത്ത് വികസനത്തിന് എതിരല്ലെന്നും കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്കടക്കം നല്ലൊരു തുക ചെലവിടേണ്ടിവന്നതുമൂലമുള്ള സാമ്പത്തിക പ്രയാസമാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നും വൈസ് പ്രസിഡൻറ്​ വളപ്പിൽ റസാഖ് പറഞ്ഞു. ഫണ്ട് നഷ്​ടപ്പെടാതിരിക്കാൻ നടപടിയെടുക്കുമെന്നും അടുത്ത ദിവസം ചേരുന്ന സ്​റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.