അറിവിന്‍റെ ഉയരങ്ങൾ തേടി അമേരിക്കയിലേക്ക് പറക്കാനൊരുങ്ങി നന്ദിത

സ്വന്തം ലേഖകൻ എകരൂൽ: മലയാളം മീഡിയത്തിൽ പഠിച്ച് അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ ബയോഫിസിക്സിൽ പിഎച്ച്.ഡി പ്രവേശനം നേടിയ കഥയാണ് ഉണ്ണികുളം ഇയ്യാട് സ്വദേശിനി തെക്കേ കൂരിപ്പുറത്ത് എൻ. നന്ദിതയുടേത്. കൊൽക്കത്ത ഐസറിൽനിന്ന് അഞ്ചു വർഷത്തെ ബി.എസ്.എം.എസ് പഠനം പൂർത്തിയാക്കിയ നന്ദിത ഫെലോഷിപ്പോടെയാണ് പിഎച്ച്.ഡി നേട്ടം സ്വന്തമാക്കിയത്. നന്ദിതയുടെ നേട്ടത്തിൽ കെ.എം. സചിൻദേവ് എം.എൽ.എ അടക്കമുള്ളവർ അനുമോദനവുമായി വീട്ടിലെത്തി. എസ്.എസ്.എൽ.സിക്ക് കുട്ടമ്പൂർ ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം മീഡിയത്തിലായിരുന്നു നന്ദിതയുടെ പഠനം. കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടുവിന് മികച്ച മാർക്ക് നേടി. തുടർന്ന് കൊൽക്കത്ത ഐസറിൽനിന്ന് ബി.എസ്.എം.എസ് കോഴ്‌സും പൂർത്തിയാക്കി. വിവിധ ഘട്ടങ്ങളിലായുള്ള അഭിമുഖം വിജയകരമായി പൂർത്തിയാക്കിയാണ് നന്ദിത ലോകോത്തര സർവകലാശാലകളിലൊന്നായ അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിൽ പിഎച്ച്.ഡി പ്രവേശനം നേടിയത്. തിങ്കളാഴ്ച ഡൽഹി വഴി അമേരിക്കയിലേക്ക് പറക്കാനുള്ള തയാറെടുപ്പിലാണ് ഈ മിടുക്കി. റിട്ട. അധ്യാപകൻ ഇയ്യാട് തെക്കേ കൂരിപ്പുറത്ത് നളിനാക്ഷന്‍റെയും അടിവാരം എ.എൽ.പി സ്‌കൂൾ അധ്യാപിക ബിന്ദുവിന്റെയും ഇളയമകളാണ്. സോഫ്റ്റ് വെയർ എൻജിനീയർ നന്ദന സഹോദരിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.