ചാമംപതാൽ: ദേശീയപാത 183നെയും പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ കൊടുങ്ങൂർ - മണിമല റോഡിൽ വാഹനയാത്രക്കാർക്ക് അപകടക്കെണിയൊരുക്കി പനമൂട് ജങ്ഷൻ. റോഡിന്റെ വീതിക്കുറവും വളവും നിർമാണത്തിലെ അശാസ്ത്രീയതയുമാണ് ഇവിടെ അപകടം തുടർക്കഥയാകാൻ കാരണമെന്ന് ഡ്രൈവർമാരും പ്രദേശവാസികളും പറയുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ഏതാനും മാസം മുമ്പ് ഇവിടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടിരുന്നു.
ഏറ്റവും ഒടുവിൽ ഏതാനും ദിവസം മുമ്പ് വൈദികൻ സഞ്ചരിച്ച വാഹനം നിയന്ത്രണംതെറ്റി റോഡിൽ തലകീഴായി മറിഞ്ഞിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. ഏതാനും നാൾ മുമ്പ് ഇതേ സ്ഥലത്ത് നിയന്ത്രണംവിട്ട ജീപ്പ് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞിരുന്നു.
റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരമായിട്ടില്ല. ശബരിമല തീർഥാടകരുടെ പ്രധാന പാതകളിലൊന്നായ ഇവിടെ പരിചയമില്ലാത്ത തീർഥാടകവാഹനങ്ങൾ സീസണിൽ അപകടത്തിൽ പെടാൻ സാധ്യതയേറെയാണ്. എത്രയുംവേഗം റോഡിന് വീതി കൂട്ടുകയോ വൈദ്യുതി പോസ്റ്റുകൾ റോഡരികിൽ നിന്ന് മാറ്റി അപകടസാധ്യത കുറക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുകയോ വേണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർക്ക് അനക്കമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.