കോട്ടയം: തദ്ദേശ വകുപ്പ് മികച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ സ്വരാജ് ട്രോഫിയിൽ ജില്ലക്ക് നേട്ടം.സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി വൈക്കം സ്വന്തമാക്കി. മികച്ച ഗ്രാമപഞ്ചായത്തുകളിൽ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും നേടി.
തൊഴിലുറപ്പ് പദ്ധതി മികവിനുള്ള മഹാത്മ പുരസ്കാരത്തിന് ജില്ല അടിസ്ഥാനത്തിൽ മറവൻതുരുത്ത്, തലയാഴം ഗ്രാമപഞ്ചായത്തുകൾ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തി.
സ്വരാജ് ട്രോഫി പുരസ്കാരത്തിന് ജില്ലതലത്തിൽ ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ തിരുവാർപ്പ്, വെളിയന്നൂർ ഗ്രാമപഞ്ചായത്തുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി.
സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന് 40 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യ പത്രവുമാണ് നൽകുന്നത്. വൈക്കം ബ്ലോക്ക് പഞ്ചായത്തിനോടൊപ്പം കാസർകോട് ജില്ലയിലെ നീലേശ്വരം ബ്ലോക്കും മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ബ്ലോക്കും ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതിനാൽ പുരസ്കാരത്തുക തുല്യമായി നൽകും.
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന് പുരസ്കാരത്തുകയായി 30 ലക്ഷം രൂപയും ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. ജില്ല അടിസ്ഥാനത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ പഞ്ചായത്തുകൾക്ക് അവാർഡ് തുകയായി 20 ലക്ഷം, 10 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും നൽകും.
കോട്ടയം: സ്വരാജ് ട്രോഫിയിൽ വീണ്ടും മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ മുത്തം. സംസ്ഥാനത്തെ മികച്ച പഞ്ചായത്തുകൾക്കുള്ള സ്വരാജ് ട്രോഫിയിൽ മരങ്ങാട്ടുപിള്ളിക്ക് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം.
2021-22 സ്വരാജ് ട്രോഫിയിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം മരങ്ങാട്ടുപിള്ളിക്കായിരുന്നു. 2022-23 വർഷം ജില്ലയിലെ രണ്ടാം സ്ഥാനവും ഇവർ സ്വന്തമാക്കിയിരുന്നു. ഇത്തവണ (2022-23) സംസ്ഥാനതലത്തിൽ ഇവർ വീണ്ടും മൂന്നാംസ്ഥാനതെത്തി.
കൃഷിയെ പ്രോത്സാഹിക്കാൻ നടപ്പിലാക്കിയ വിവിധ പദ്ധതികളാണ് പഞ്ചായത്തിനെ വീണ്ടും അംഗീകാരനിറവിലെത്തിച്ചത്.
പഞ്ചായത്തിലെ ആയുർവേദ ആശുപത്രിക്ക് എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ സ്വന്തമാക്കാനും കഴിഞ്ഞു. സ്പോർട്സിനെ ആയുധമാക്കി ലഹരി ഉപയോഗത്തിനെതിരെ നടപ്പാക്കിയ പദ്ധതിയും ശ്രദ്ധേയമായി. പരിസ്ഥിതി, മാലിന്യ സംസ്കരണമേഖലകളിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചുള്ള പദ്ധതികളും ആവിഷ്കരിച്ചു. 2022-23 വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച ഭിന്നശേഷി ജീവനക്കാരനുള്ള പുരസ്കാരം ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്ക് പി.എ. പ്രമോദിന് ലഭിച്ചതും അംഗീകാരമായിരുന്നു.
തിരുവാർപ്പ്: തുടർച്ചയായ രണ്ടാംതവണയും സ്വരാജ് ട്രോഫി പുരസ്കാരത്തിൽ ജില്ലയിൽ മുന്നിലെത്തി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്. 2022-23 വർഷത്തിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പദ്ധതി നിർവഹണത്തിൽ 96 ശതമാനവും പൂർത്തീകരിച്ചാണ് തുടർച്ചയായ രണ്ടാം പുരസ്കാരത്തിന് അർഹമായത്.
പശ്ചാത്തല വികസനം, കൃഷി, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ, സംസ്ഥാന സർക്കാറിന്റെ ദാരിദ്ര്യ ലഘൂകരണ പദ്ധതികളുമായി ബന്ധപ്പെട്ടു നടപ്പാക്കിയ പ്രവർത്തനങ്ങൾ, ടൂറിസം മേഖലയുടെ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങൾ എന്നിവയാണ് തിരുവാർപ്പിനെ പുരസ്കാരത്തിന് അർഹമാക്കിയത്. നികുതി ഇനത്തിൽ 100 ശതമാനം കലക്ഷൻ പൂർത്തീകരിക്കുകയും ചെയ്തു.
ഹരിതകർമസേന കവറേജും യൂസർ ഫീ ശേഖരണവും നൂറ് ശതമാനത്തിൽ എത്തിച്ചു. മാലിന്യമുക്ത ഗ്രാമപഞ്ചായത്തെന്ന നേട്ടവും കൈവരിച്ചിരുന്നു. ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ പറഞ്ഞു.
കോട്ടയം: വാർഷിക പദ്ധതിയിലെ പ്രവർത്തനങ്ങളുടെ മികവ്, സംരംഭങ്ങൾ ആരംഭിക്കുന്നതിൽ കാണിച്ച വേറിട്ട ഇടപെടലുകൾ, ആരോഗ്യ-വിദ്യഭ്യാസ മേഖലയിലെ നേട്ടങ്ങൾ എന്നിവയാണ് സ്വരാജ് ട്രോഫിയിൽ ജില്ലയിൽ രണ്ടാം സ്ഥാനക്കാരാക്കാൻ വെളിയന്നൂർ ഗ്രാമപഞ്ചായത്തിന് തുണയായത്.
വാർഷിക പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് നൂറുശതമാനം പദ്ധതി പ്രവർത്തനം പൂർത്തിയാക്കിയ ഗ്രാമപഞ്ചായത്താണു വെളിയന്നൂർ. വെളിയന്നൂരിലെ ബഡ്സ് സ്കൂളും മാതൃകയായി. വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡ് അംഗീകാരം തുർച്ചയായി രണ്ടുതവണ ലഭിച്ചു. കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലെ നാല് സബ് സെന്ററുകളെയും ജനകീയ ആരോഗ്യ കേന്ദ്രമായി ഉയർത്തിയ ഗ്രാമപഞ്ചായത്താണ് വെളിയന്നൂർ.
വൈക്കം: സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട വൈക്കത്തിന് ഇത് അർഹതപ്പെട്ട അംഗീകാരം. വ്യത്യസ്തവും നൂതനവുമായ 110 പദ്ധതികൾ ഏറ്റെടുത്ത വൈക്കം ബ്ലോക്ക് പഞ്ചായത്ത്, 2022-23ൽ ഏറ്റെടുത്ത മുഴുവൻ പദ്ധതികളും പൂർത്തീകരിച്ചു. സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ പദ്ധതി വിഹിതം ചെലവഴിച്ച ബ്ലോക്ക് പഞ്ചായത്താണ് വൈക്കം. കുട്ടികളിൽ വായനാശീലം വളർത്താൻ ആവിഷ്കരിച്ച ‘അക്ഷരജ്വാല വായനക്കളരി’ പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പാക്കിയത് വൈക്കം ബ്ലോക്ക് പഞ്ചായത്താണ്.
ഭിന്നശേഷി കുട്ടികൾക്ക് നടപ്പിലാക്കിയ ബി.സി.ഡി.സി (ബ്ലോക്കുതല ശിശുവികസന കേന്ദ്രം,) പട്ടികജാതി വിഭാഗത്തിപെട്ട യുവതികൾക്ക് നടപ്പാക്കിയ പി.എസ്.സി തൊഴിൽ പരിശീലന പരിപാടിയായ ലക്ഷ്യ, പട്ടികവർഗ വിഭാഗത്തിപെട്ട യുവതികൾക്ക് തൊഴിൽ നൽകാൻ ആരംഭിച്ച അപ്പാരൽ പാർക്ക് എന്നിവ ബ്ലോക്ക് പഞ്ചായത്തിന്റെ ശ്രദ്ധേയമായ പദ്ധതികളാണ്. കാർഷിക മേഖലയുടെ ഉണർവിന് നടപ്പാക്കിയ ‘നിറവ് പദ്ധതി’. കുട്ടികളിൽ കര്യക്ഷമത വർധിപ്പിക്കാൻ ആരംഭിച്ച ജൂനിയർ അത്ലറ്റ്, പെൺകുട്ടികളുടെ ഉന്നമനത്തിന് നടപ്പാക്കിയ ‘വർണം’, തരിശുരഹിത വൈക്കം എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പൊൻകതിർ പദ്ധതി എന്നിവയും പുരസ്കാരനേട്ടത്തിന് തുണയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.