ആറു പതിറ്റാണ്ട് അക്ഷരവെളിച്ചം പകര്‍ന്ന ഏലിക്കുട്ടി ടീച്ചര്‍ ഓർമയായി

പാലാ: ആറു പതിറ്റാണ്ടായി കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന ഏലിക്കുട്ടി ടീച്ചര്‍ (85) ഓർമയായി. 64 വര്‍ഷം നീണ്ട അധ്യാപന ജീവിതസപര്യയില്‍ നാലു തലമുറകള്‍ക്ക് അറിവിന്റെ ആദ്യക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയാണ് ലോകത്തോട് വിടപറയുന്നത്. പാലാ പന്തപ്ലാക്കല്‍ കുടുംബാംഗമാണ് ഏലിക്കുട്ടി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് വിശ്രമജീവിതത്തിലായിരുന്നു. തലമുറകള്‍ക്ക് അക്ഷരജ്ഞാനം പകര്‍ന്നു നല്‍കിയതിന് 2020ൽ പാലാ രൂപത ആദരിച്ചിരുന്നു.

ളാലം പള്ളിയോടു ചേര്‍ന്ന് വാദ്യപ്പുരയിലാണ് അധ്യാപന ജീവിതം തുടങ്ങുന്നത്. ഹിന്ദി വിദ്വാന്‍ ജയിച്ച് വീട്ടിലിരിക്കുമ്പോഴാണ് തളര്‍ച്ചരോഗം പിടികൂടുന്നത്. പിന്നീട് പഠനം നടന്നില്ല. ഈ കാലത്ത് ളാലം പള്ളി വികാരിയായി പുത്തേട്ട് അച്ചന്‍ ചുമതലയേറ്റു. ടീച്ചറുടെ കഥകള്‍ അറിഞ്ഞ അച്ചനാണ് ഒഴിഞ്ഞുകിടക്കുന്ന വാദ്യപ്പുര ശരിയാക്കിയെടുത്ത് കുഞ്ഞുങ്ങള്‍ക്ക് നാലക്ഷരം പറഞ്ഞുകൊടുക്കെന്ന് ഉപദേശിച്ചത്. സമീപവാസികളുടെ വീടുകളിലെത്തി കുട്ടികളെ പഠനത്തിന് അയക്കണമെന്ന് അപേക്ഷിച്ചു. പുത്തേട്ട് അച്ചന്റെ സഹായവുമുണ്ടായി. ഒമ്പതുകുട്ടികളുമായി കളരി ആരംഭിച്ചു.

പിന്നീട് പാലായിലെ ഏറിയ പങ്ക് കുട്ടികളും കളിച്ച്, പഠിച്ചുതുടങ്ങിയത് ഏലിക്കുട്ടിയുടെ കളരിയിലായിരുന്നു. 60 കുട്ടികള്‍വരെ എത്തിയ കാലമുണ്ടായിരുന്നു. കുട്ടികളില്‍നിന്ന് ലഭിച്ചിരുന്ന ചെറിയ ഫീസും നഗരസഭ ഗ്രാന്റുമായിരുന്നു വരുമാനം. പഠനത്തില്‍ പിന്നിലുള്ള മുതിര്‍ന്ന കുട്ടികള്‍ക്ക് വാദ്യപ്പുരയിലും വീട്ടിലും പ്രത്യേകം ക്ലാസുകള്‍ നല്‍കി സഹായിച്ചു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം വിഷയങ്ങളില്‍ ടീച്ചര്‍ക്കുള്ള വിജ്ഞാനം നിരവധി കുട്ടികള്‍ക്ക് പ്രയോജനമായി. കളരിയും ട്യൂഷന്‍ ക്ലാസുകളും വാര്‍ധക്യത്തിലെത്തിയതോടെ നിര്‍ത്തി. മുണ്ടുപാലത്തെ വീടിനടുത്ത് ചെറിയ കളരി ആരംഭിച്ച് അധ്യാപനം തുടര്‍ന്നു.

Tags:    
News Summary - Pala teacher who teach student for past six decade died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.