പാലാ: ഒരു ലോക ‘ഹൃദയ ദിനം’ കൂടി വിപുലമായി ആചരിച്ച് കടന്നു പോകുമ്പോഴും പാലാക്കാരുടെ ഹൃദയാരോഗ്യം പരിപാലിക്കാൻ എന്ന് അവസരം തിരികെ കൊണ്ടുവരുമെന്ന ചോദ്യമുന്നയിക്കുകയാണ് നിർധന രോഗികൾ ഉൾപ്പെടെയുള്ളവർ. പാലാ കെ.എം. മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ വർഷങ്ങളോളം നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന ഹൃദ്രോഗ വിഭാഗം ക്രമേണ ഇല്ലാതാക്കപ്പെടുകയായിരുന്നുവെന്ന് രോഗികൾ പരാതിപ്പെടുന്നു.
ഇവിടെ ഉണ്ടായിരുന്ന ഡോക്ടർമാരെ പലപ്പോഴായി വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനെ തുടർന്നാണ് ഈ വിഭാഗം ക്രമേണ ഇല്ലാതായത്. കഴിഞ്ഞ വർഷം വരെ ആഴ്ചയിൽ ഒരുദിവസം ഒ.പി. പ്രവർത്തിച്ചിരുന്നു. പിന്നീട് അതും നിലച്ചു. എം.പി. ഫണ്ട് ചെലവഴിച്ച് ലക്ഷങ്ങൾ മുടക്കി വാങ്ങിയ എക്കോ മെഷീൻ പൊടിപിടിച്ച് കിടക്കുകയാണ്.
മലയോര മേഖലയിൽ സർക്കാർ മേഖലയിൽ ഉണ്ടായിരുന്ന ഏക ഹൃദ്രോഗ ചികിത്സാ വിഭാഗമായിരുന്നു ഇവിടുണ്ടായിരുന്നത്. ചികിത്സ നിലച്ചതോടെ സ്വകാര്യ ആശുപത്രികളിലെ വലിയ ചെലവേറിയ രോഗ നിർണയ ചികിത്സാ വിഭാഗങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലായി രോഗികൾ.
കെ.എം. മാണി ധനമന്ത്രിയായിരുന്നപ്പോൾ ജനറൽ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സാ വിഭാഗം വിപുലപ്പെടുത്തുന്നതിനായി കാത്ത് ലാബ് ആരംഭിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്ത് ഇതിനായി പ്രത്യേക കെട്ടിടവും പൂർത്തിയാക്കിയിരുന്നു. എന്നാൽ കാത്ത് ലാബ് വന്നതുമില്ല, ഉണ്ടായിരുന്ന ഒ.പി. വിഭാഗം കൂടി ഇല്ലാതാവുകയും ചെയ്തെന്ന് രോഗികൾ ആരോപിക്കുന്നു.
കാത്ത് ലാബിനു മാത്രമായി നിർമിച്ച കെട്ടിട ഭാഗം പൊടിപിടിച്ച് കിടക്കുകയാണ്. ജനറൽ ആശുപത്രി സ്റ്റാഫ് പാറ്റേൺ പ്രകാരം ഹൃദ്രോഗ വിഭാഗം ഉണ്ടായിരിക്കണം. ഒ.പി. വിഭാഗം എങ്കിലും പുനരാരംഭിക്കണമെന്നും മാറ്റി കൊണ്ടുപോയ ഡോക്ടർ തസ്തികകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാ ചെയർമാനും ആശുപത്രി മാനേജിങ് കമ്മിറ്റി അംഗങ്ങളും ആരോഗ്യ വകുപ്പ് അധികൃതരോട് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടികൾ ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
ആശുപത്രി സന്ദർശിച്ച ആരോഗ്യ മന്ത്രി മുമ്പാകെ ജനപ്രതിനിധികളും ഈ ആവശ്യം ഉന്നയിച്ചിരുന്നു. സാധാരണക്കാരായ രോഗികളുടെ ചികിത്സാ സൗകര്യത്തെ കരുതി ജനറൽ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം പുനഃസ്ഥാപിക്കണമെന്ന് ആശുപത്രി മാനേജിങ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം ആരോഗ്യ വകുപ്പ് അധികൃതർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. രോഗികളുടെ ഹൃദയവേദന ഹൃദയമുള്ളവർ കണ്ടറിയുമെന്ന പ്രതീക്ഷയിലാണ് രോഗികളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.