എം.എൽ.എ ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ പ്രതിഷേധവുമായി മാണി സി. കാപ്പൻ എം.എൽ.എ പാലാ നഗരസഭയിൽ എത്തിയപ്പോൾ

എം.എൽ.എ ഫണ്ട് വിനിയോഗിക്കാത്തതിനെതിരെ പ്രതിഷേധവുമായി മാണി സി. കാപ്പൻ നഗരസഭ ഓഫീസിൽ

പാലാ: നഗരസഭയിലെ വിവിധ പദ്ധതികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം വിനിയോഗിക്കാത്തതിനെതിരെ പ്രതിഷേധവുമായി മാണി സി. കാപ്പൻ എം.എൽ.എ നഗരസഭാ കാര്യാലയത്തിൽ എത്തി. ചെറിയാൻ ജെ. കാപ്പൻ സ്മാരക സ്റ്റേഡിയത്തിൽ വോളിബോൾ കോർട്ട് (15 ലക്ഷം), പുലിയന്നൂർ പാലത്തിന് സമീപം വെയിറ്റിംഗ് ഷെഡ് (4 ലക്ഷം), ഊരാശാല കണ്ണമറ്റം റോഡ് (10 ലക്ഷം), പതീക്കുന്ന് കുടിവെള്ളപദ്ധതി (10 ലക്ഷം), മുരിക്കുംപുഴ തോണിക്കടവ് റോഡ് (ഒരു ലക്ഷം) എന്നീ പദ്ധതികൾക്കു എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ട് മാസങ്ങളായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്റ്റിമേറ്റ്പോലും എടുക്കാൻ നഗരസഭ തയാറാകാത്തത് രാഷ്ട്രീയവിരോധമാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 11ഓടെ പ്രതിപക്ഷ കൗൺസിലർമാരായ പ്രൊഫ. സതീഷ് ചൊള്ളാനി, ജിമ്മി ജോസഫ്, വി.സി പ്രിൻസ്, ലിജി ബിജു, സിജി ടോണി തോട്ടം, മായാ രാഹുൽ, ആനി ബിജോയി എന്നിവർക്കൊപ്പമാണ് മാണി സി. കാപ്പൻ നഗരസഭാ കാര്യാലയത്തിൽ എത്തിയത്. മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹുവൈസിനോട് പദ്ധതി നടപ്പാക്കാത്തതിനെക്കുറിച്ച് എം.എൽ.എ വിശദീകരണം ആവശ്യപ്പെട്ടു. തുടർന്നു സെക്രട്ടറി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പദ്ധതികൾ സംബന്ധിച്ചു ഉടൻ റിപ്പോർട്ട് തയാറാക്കാൻ നിർദേശം നൽകി.

രാഷ്ട്രീയത്തിൻെറ പേരിൽ പാലായുടെ വികസനം തടസ്സപ്പെടുത്തുന്നതിനെതിരെ ജനങ്ങൾ പ്രതികരിക്കുമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് കേരളാ കമ്മിറ്റി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടെന്ന നഗരസഭാധ്യക്ഷൻെറ പ്രസ്താവന കുറ്റസമ്മതമാണ്. എം.എൽ.എ ഫണ്ടിനുവേണ്ടി നിവേദനം നൽകിയവർ നഗരസഭയിൽ കയറി ഇറങ്ങി മടുത്തിട്ടാണ് വീണ്ടും എം.എൽ.എയെ സമീപിച്ചത്. ഇതേതുടർന്നാണ് എം.എൽ.എ നഗരസഭയിൽ എത്തിയത്. സ്റ്റേഡിയത്തിൻെറ കാര്യത്തിൽ വിശദീകരണ കുറിപ്പിറക്കിയ നഗരസഭാധികൃതർ മറ്റു പദ്ധതികളുടെ കാര്യത്തിൽ മൗനം പാലിക്കുന്നത് തങ്ങളുടെ വീഴ്ച മറയ്ക്കാനാണാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ജോഷി പുതുമന അധ്യക്ഷത വഹിച്ചു. എം.പി കൃഷ്ണൻനായർ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ടോം നല്ലനിരപ്പേൽ, അപ്പച്ചൻ ചെമ്പൻകുളം തുടങ്ങിയവർ സംസാരിച്ചു.

പാലാ നഗരത്തിൽ മാത്രം 40 ലക്ഷത്തിൻെറ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തി ജനങ്ങളെ ദ്രോഹിച്ച നഗരസഭാ അധികൃതർ പാലാക്കാരോട് മാപ്പ് പറയണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് യുവജന വിഭാഗം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.