കോട്ടയം സിമന്റ് കവലയിൽ അപകടത്തിൽപെട്ട ലോറിയിൽനിന്ന് തടി നീക്കുന്നു
കോട്ടയം: അപകടത്തിൽപെട്ട ലോറിയിൽനിന്ന് തടി നീക്കാൻ ഗതാഗതം സ്തംഭിപ്പിച്ചതോടെ ഓഫിസുകളിലേക്ക് പോകുന്നവരടക്കമുള്ള യാത്രക്കാർ മണിക്കൂറുകളോളം എം.സി റോഡിൽ കുരുങ്ങി. എം.സി റോഡിൽ നാട്ടകം സിമൻറ്കവലയിൽ അപകടത്തിൽപെട്ട ലോറിയിൽനിന്ന് തടികൾ നീക്കുന്ന ജോലിയാണ് യാത്രക്കാരെ വലച്ചത്. വേണ്ടത്ര മുൻകരുതൽ സ്വീകരിക്കാത്തതാണ് വലിയ കുരുക്കിന് ഇടയാക്കിയതെന്നും ആക്ഷേപമുയർന്നു.
തടി ലോറിയിൽ ഇടിച്ചുതകർന്ന കാർ
ബുധനാഴ്ച രാവിലെ 9.30 മുതൽ ഒന്നരമണിക്കൂറിലധികമാണ് എം.സി റോഡ് കുരുക്കിലായത്. ചിങ്ങവനംവരെ വാഹനങ്ങളുടെ നിരനീണ്ടു.എം.സി റോഡിൽ നാട്ടകം സിമൻറ്കവലയിൽ ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ കാർ തടിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ചിങ്ങവനം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർ ദിശയിൽനിന്ന് എത്തിയ തടിലോറിയുമാണ് കൂട്ടിയിടിച്ചത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. അപകടത്തിൽ ഡ്രൈവർ ചാന്നാനിക്കാട് പാരിടേൽ വീട്ടിൽ മാത്യുവിന് (45) പരിക്കേറ്റു.
അപകടത്തെ തുടർന്ന് റോഡിൽ കിടക്കുന്ന ലോറിയിൽനിന്ന് ബുധനാഴ്ച രാവിലെയാണ് തടി നീക്കാൻ ആരംഭിച്ചത്.മറ്റൊരു ലോറി എത്തിച്ച് ഇതിലേക്കാണ് തടികൾ നീക്കിയത്. ഇതോടെ സുഗമമായി വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി. ഇത് ഇരുവശത്തും വലിയ കുരുക്കിന് കാരണമായി. രാവിലെ ഓഫിസുകളിലേക്ക് പോകാൻ എത്തിയവരാണ് ഏറെ ദുരിതത്തിലായത്.പലർക്കും വൈകിയാണ് എത്താനായത്. സൂപ്പർ ഫാസ്റ്റ് അടക്കം പത്തിലധികം ബസുകളും കുരുക്കിൽപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.