കോട്ടയം: ഓണം കളറാക്കാൻ ഇനി ഓടി നടക്കണ്ട. കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്താൽ മതി. എല്ലാം ഇത്തവണ വീട്ടിലെത്തും. ഉൽപ്പന്നങ്ങൾ ഒറ്റ കുടക്കീഴിലാക്കി ഓൺലൈൻ വിൽപനയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് കുടുംബശ്രീയും. ആഗസ്റ്റ് ആദ്യവാരത്തോടെ ‘പോക്കറ്റ്മാർട്ട്‘ എന്ന ഓൺലൈൻ സ്റ്റോർ പ്രവർത്തനം തുടങ്ങും. ചിപ്സ്, ശർക്കര വരട്ടി, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, അച്ചാറുകൾ, വെളിച്ചെണ്ണ തുടങ്ങി 750 രൂപ വരെ വിലയുള്ള ഉൽപന്നങ്ങളടങ്ങിയ കിറ്റാണ് ഓണത്തിന്റെ ഹൈലൈറ്റ്. ജി.എസ്.ടിയുള്ള ആയിരത്തോളം ഉൽപന്നങ്ങളാണ് ആദ്യ ഘട്ടം സ്റ്റോറിലുള്ളത്.
ജില്ലയിൽ 12 യൂനിറ്റുകളാണ് ജി.എസ്.ടി അടക്കുന്നത്. ജില്ലയിലെ എല്ലാ സി.ഡി.എസുകളും ഓണക്കിറ്റുകൾ തയാറാക്കും. ജില്ലയിൽനിന്ന് 60-70 വരെ ഉൽപന്നങ്ങൾ സ്റ്റോറിലുണ്ട്. ഹോംമെയ്ഡ് ഉൽപന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, തുണിത്തരങ്ങൾ തുടങ്ങി കുടുംബശ്രീയുടെ ഉൽപ്പന്നങ്ങൾക്ക് പുറമെ കുടുംബശ്രീ സംരംഭങ്ങളായ ലഞ്ച് ബെൽ, ബഡ്സ്, കഫേ, കേരള ചിക്കൻ എന്നിവയും കെ ഫോർ കെയർ, ക്വിക്ക് സെർവ്, ഇ സേവ കേന്ദ്ര, കൺസ്ട്രക്ഷൻ യൂനിറ്റ് തുടങ്ങിയ സേവനങ്ങളും സ്റ്റോറിൽ ലഭ്യമാണ്.
ഓണസദ്യയുടെ രുചിയും ആഘോഷത്തിന്റെ നിറവും കൂട്ടാൻ കുടുംബശ്രീയുടെ ഗിഫ്റ്റ് ഹാംപറുകൾ വിപണിയിൽ. ‘ഓണം കുടുംബശ്രീയോടൊപ്പം’ എന്ന ടാഗ്ലൈനോടെ രണ്ട് വകഭേദങ്ങളിലാണ് ഹാംപറുകൾ വിപണിയിൽ എത്തുന്നത്. ഓൺലൈനായി പോക്കറ്റ് മാർട്ട് വഴിയും നേരിട്ട് സി.ഡി.എസ് യൂണിറ്റുകൾ മുഖേനയുമാണ് വിൽപന. 5000 എണ്ണമാണ് ആദ്യഘട്ടത്തിൽ തയ്യാറാക്കുക.
ഹാംപറിൽ കുടുംബശ്രീയുടെ സംസ്ഥാനതലത്തിൽ ബ്രാൻഡ് ചെയ്ത എട്ട് ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുന്നു. കുടുംബശ്രീയുടെ ബ്രാൻഡഡ് ചിപ്സ്, ശർക്കര വരട്ടി, പായസം മിക്സ്, കറി പൗഡറുകൾ തുടങ്ങിയവയാണ് ഉണ്ടാവുക. ഓരോ ഹാംപറിന്റെയും വില 750 രൂപ യാണെന്ന് അറിയിച്ചിട്ടുണ്ട്. എഫ്.എസ്.എസ്.എ.ഐ (രജിസ്ട്രേഷൻ പൂർത്തിയാക്കിയ) സംരംഭകരുടെ ഉൽപ്പന്നങ്ങൾ മാത്രമാകും ഈ ഹാംപറുകളിൽ ഉൾപ്പെടുത്തുക. കുടുംബശ്രീ സംരംഭകർക്ക് ഓണക്കാല വിപണിയിൽ നിന്നുള്ള വരുമാനം കൂട്ടാൻ സഹായിക്കുന്നതിനുള്ള പുതിയ തുടക്കം കൂടിയാണ് ഈ ഗിഫ്റ്റ് ഹാംപറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.