15 ലക്ഷം രൂപ തട്ടിയതായി വീട്ടമ്മയുടെ പരാതി; പൊലീസ് അന്വേഷണമാരംഭിച്ചു

കടുത്തുരുത്തി: കുടുംബത്തെ കബളിപ്പിച്ച് മാന്‍വെട്ടം സ്വദേശിയും കുടുംബവും 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവത്തെക്കുറിച്ച് തട്ടിപ്പിനിരയായ വീട്ടുകാര്‍ പറയുന്നത്: പരാതിക്കാരിയുടെ മകള്‍ പ്ലസ് വണിന് പഠിക്കുമ്പോഴാണ് തട്ടിപ്പ് നടക്കുന്നത്. പണം തട്ടിയെടുത്തയാളുടെ മകളും ഇതേ സ്കൂളിലാണ് പഠിച്ചിരുന്നത്.

മകളുമായുള്ള സൗഹൃദം മുതലെടുത്ത് മാന്‍വെട്ടം സ്വദേശിയുടെ മകളാണ് തട്ടിപ്പിന് തുടക്കമിട്ടത്. മകളുടെ ഫോട്ടോ മോര്‍ഫ് ചെയ്തു സൈറ്റുകളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് ഭീഷണി ആരംഭിച്ചത്. മാന്‍വെട്ടം സ്വദേശിയുടെ മകള്‍ തന്നെ മറ്റാരുടെയോ പേരുകള്‍ പറഞ്ഞാണ് മകളെ ഭീഷണിപ്പെടുത്തിയതത്രെ. തുടര്‍ന്ന് പ്രശ്‌നം ഒഴിവാക്കാൻ മാന്‍വെട്ടം സ്വദേശിയും മകളും പണം ആവശ്യപ്പെട്ടു.

പിന്നീട് ഇതു ചെയ്തവരെ പിടികൂടാനെന്ന പേരില്‍ തട്ടിപ്പിനിരയായ പെണ്‍കുട്ടിയെയും വീട്ടുകാരെയും പല സ്ഥലങ്ങളില്‍ കൊണ്ടുപോയി. ഈ യാത്രക്കിടെ രണ്ടു പെണ്‍കുട്ടികളും കുടിച്ച കുപ്പി വെള്ളത്തില്‍ വിഷം കലര്‍ന്നിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.

ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങി മകളുടെ രക്തം പരിശോധനക്ക് എടുത്തു നല്‍കിയെന്നും തുടര്‍ന്ന് ഇവരുടെ പരിചയത്തിലുള്ള ഡോക്ടറുടെ പരിശോധനയില്‍ മാന്‍വെട്ടം സ്വദേശിയുടെ മകളുടെ രക്തത്തില്‍ വലിയ അളവില്‍ വിഷം കലർന്നെന്നും ഇതിന്റെ ചികിത്സക്ക് വന്‍ തുക വേണ്ടി വരുമെന്നും പറഞ്ഞ് പണം ആവശ്യപ്പെട്ടു. പിന്നീട് ഗുണ്ടകള്‍ ഇവരുടെ കുടുംബത്തെ ആക്രമിക്കുമെന്നും മകളെ തട്ടിക്കൊണ്ടു പോകുമെന്നും പറഞ്ഞ് തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയെന്നും ഇവരെ ഒഴിവാക്കാൻ പണം നൽകണമെന്നും ആവശ്യപ്പെട്ടുവത്രെ.

ഇക്കാലത്തിനിടെ തങ്ങളുടെ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായ മണ്ണുമാന്തി യന്ത്രവും ടിപ്പറും വിറ്റുകിട്ടിയ 14.90 ലക്ഷം രൂപ പലപ്പോഴായി മാന്‍വെട്ടം സ്വദേശിയും കുടുംബവും വാങ്ങിച്ചെടുത്തെന്നാണ് പരാതിയിലുള്ളത്. ഈ സംഭവങ്ങൾ കാരണം മകളുടെ പഠനം മുടങ്ങിയെന്നും കുടുംബത്തിന്റെ ഉപജീവനമാര്‍ഗം ഇല്ലാതായെന്നും പരാതിയില്‍ പറയുന്നു. ഏപ്രില്‍ 24ന് സൈബര്‍ സെല്ലിലാണ് ഇവര്‍ ആദ്യം പരാതി നല്‍കുന്നത്. വീട്ടമ്മയുടെ പരാതി സംബന്ധിച്ച് അന്വേഷണമാരംഭിച്ചതായി കടുത്തുരുത്തി എസ്‌.ഐ വിബിന്‍ ചന്ദ്രന്‍ അറിയിച്ചു.   

Tags:    
News Summary - Housewife's complaint that she was cheated of Rs 15 lakh; The police have started an investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.