മുണ്ടൂരിൽ മോഷണം
കോട്ടയം: കുറിച്ചിയിൽ ധനകാര്യ സ്ഥാപനത്തിലെ കവർച്ച സംബന്ധിച്ച അന്വേഷണത്തിൽ ഇരുട്ടിൽ തപ്പി പൊലീസ്. നിരവധി സി.സി ടി.വികളും വാഹനങ്ങളും പരിശോധിക്കുകയും ജയിലിൽനിന്ന് ഇറങ്ങിയ കുറ്റവാളികളെയും മറ്റ് ക്രിമിനൽ കേസ് പ്രതികളെയും ചോദ്യം ചെയ്തെങ്കിലും പ്രതികളിലേക്ക് നയിക്കുന്ന വ്യക്തമായ തെളിവ് ലഭിക്കാത്തത് അന്വേഷണസംഘത്തെ വലക്കുകയാണ്.
മോഷണം നടന്നത് ശനിയാഴ്ചയെന്ന നിഗമനത്തിലെത്തിയിട്ടുണ്ട്. സമീപത്തെ വീട്ടിലെ സി.സി ടി.വിയിൽനിന്ന് അന്ന് രാത്രി ഇടിക്കുന്നതും വെട്ടുന്നതുമായ ശബ്ദം കിട്ടിയിട്ടുണ്ട്. ഇതുവെച്ചാണ് ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന നിഗമനത്തിലെത്തിയത്. ശനിയാഴ്ച വൈകീട്ട് സ്ഥാപനം പൂട്ടിപ്പോയ ശേഷം തിങ്കളാഴ്ച രാവിലെയാണ് മോഷണം വിവരം അറിയുന്നത്.
ഏതു ദിവസമാണ് മോഷണം നടന്നതെന്ന് വ്യക്തമാവാത്തതിനാൽ അന്വേഷണം മുന്നോട്ടുനീങ്ങാത്ത അവസ്ഥയായിരുന്നു. അന്നുരാത്രി സ്ഥാപനത്തിനു മുന്നിൽ തമിഴ്നാട് ലോറി ലോഡില്ലാതെ കിടന്നിരുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും എങ്ങുമെത്തിയില്ല. നിരവധി ലോറികൾ രാത്രി ഇത്തരത്തിൽ ഈ ഭാഗത്ത് നിർത്തിയിടാറുണ്ട്. പരിസരത്ത് കറങ്ങിനടന്നിരുന്ന വാഹനങ്ങൾക്കും പിറകെയും അന്വേഷണം നടക്കുന്നു. ആസൂത്രിതമായാണ് മോഷണം നടത്തിയിട്ടുള്ളതെന്നും മോഷ്ടാക്കൾക്ക് പ്രാദേശിക പിന്തുണ കിട്ടിയിട്ടുണ്ടെന്നുമുറപ്പിച്ചാണ് അന്വേഷണം നീങ്ങുന്നത്.
ഇതിന്റെ ഭാഗമായാണ് നാട്ടിലെ ക്രിമിനലുകളെ ചോദ്യംചെയ്യുന്നത്. ചങ്ങനാശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഏഴിനാണ് എം.സി റോഡിൽ കുറിച്ചി മന്ദിരം കവലയിലെ സുധ ഫിനാൻസിൽ കവർച്ച നടന്ന വിവരം പുറത്തുവന്നത്. 1.25 കോടിയുടെ പണയസ്വർണവും എട്ടുലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്.
ജൂലൈ 24ന് തെള്ളകത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ, വജ്രാഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിലും തുമ്പുണ്ടായിട്ടില്ല. രാവിലെ പത്തോടെ പുറത്തുപോയ വീട്ടുകാർ രാത്രി എട്ടോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ലോക്കറിൽനിന്നെടുത്ത് വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.