കോട്ടയം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ കോട്ടയം ജില്ലയിൽ 223 വീടുകൾ തകർന്നു; 1118.75 ഹെക്ടർ കൃഷി നശിച്ചു. പ്രാഥമിക വിലയിരുത്തലിലാണ് ഇത്രയും നാശം കണ്ടെത്തിയത്. നാശനഷ്ടം സംബന്ധിച്ച തിട്ടപ്പെടുത്തൽ തുടരുകയാണ്. 62 വീടുകൾ പൂർണമായും 161 എണ്ണം ഭാഗികമായും തകർന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ഏറെ നാശനഷ്ടം. 62 വീടുകൾ പൂർണമായും 143 എണ്ണം ഭാഗികമായും തകർന്നു.
മീനച്ചിൽ താലൂക്കിൽ 16 വീടും ചങ്ങനാേശ്ശരി താലൂക്കിൽ രണ്ടു വീടും ഭാഗികമായി തകർന്നു. 18.02 കോടിയുടെ കൃഷിയാണ് നശിച്ചത്. ഈരാറ്റുപേട്ട, കടുത്തുരുത്തി, പാലാ, പാമ്പാടി, വൈക്കം, വാഴൂർ ബ്ലോക്കുകളിലായി 3969 കർഷകർക്കാണ് നഷ്ടമുണ്ടായത്.
കൂടുതൽ നാശം വൈക്കം ബ്ലോക്കിലാണ്. 2800 കർഷകരുടെ 1054.66 ഹെക്ടറിലെ വിളകളാണ് ഇവിടെ നശിച്ചത്. പാമ്പാടിയിൽ 22.80, ഈരാറ്റുപേട്ടയിൽ 21.24, വാഴൂരിൽ 17.60 ഹെക്ടറിലെ കൃഷി നശിച്ചു.
കടുത്തുരുത്തിയിൽ ഒരു ഹെക്ടറിലും പാലായിൽ 1.45 ഹെക്ടറിലുമാണ് കൃഷി നാശം. നെല്ല് -1070.800 ഹെക്ടർ, ഏലം -100 ഹെക്ടർ, കപ്പ -12 ഹെക്ടർ, പച്ചക്കറി -5.340 ഹെക്ടർ, പൈനാപ്പിൾ -0.04 ഹെക്ടർ, ഇവക്ക് പുറമെ തെങ്ങ് (124 എണ്ണം), വാഴ (17412), റബർ മരങ്ങൾ (976), കവുങ്ങ് (30), കൊക്കോച്ചെടികൾ (45), കാപ്പിച്ചെടികൾ (450), കുരുമുളക് (530), ജാതി മരം (144) , ഗ്രാമ്പൂ (60) എന്നിവക്കും നാശം സംഭവിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ചവരെയുള്ള പ്രാഥമിക കണക്കാണിതെന്ന് പ്രിൻസിപ്പൽ കൃഷി ഓഫിസർ ബീന ജോർജ് അറിയിച്ചു. കോട്ടയം ജില്ലയിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഒക്ടോബർ 20, 21, 22 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർവരെ മഴയാണ് കണക്കാക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കമെന്ന് ജില്ല കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.