കെ-റെയിൽ ഉദ്യോഗസ്ഥരെ സർവേക്കല്ലുമായി മാടപ്പള്ളിയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന വീട്ടമ്മമാർ
ചങ്ങനാശ്ശേരി: കടുത്തപ്രതിഷേധങ്ങൾക്കിടെ മാടപ്പള്ളിയില്‍ സ്ഥാപിച്ച സർവേ കല്ലുകള്‍ പിഴുതെറിഞ്ഞു. പൊലീസ് തേർവാഴ്ചക്കിടെ ഏട്ട് സർവേ കല്ലുകളാണ് മുണ്ടുകുഴി ഇയ്യാലി റീത്തുപള്ളിപ്പടിക്കു സമീപം വ്യാഴാഴ്ച സ്ഥാപിച്ചത്. ഇതില്‍ ആറോളം കല്ലുകള്‍ രാത്രിയില്‍ തന്നെ പിഴുതുമാറ്റിയിരുന്നു. അവശേഷിച്ച സര്‍വേ കല്ലുകൾ വെള്ളിയാഴ്ച ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷിെൻറ നേതൃത്വത്തില്‍ പിഴുതുമാറ്റി.
വെള്ളിയാഴ്ച ഉച്ചയോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശെൻറ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കളുടെ മാടപ്പള്ളിയിലെ സന്ദര്‍ശനത്തിന് ശേഷമാണ് ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം എത്തി കല്ലുകള്‍ പിഴുതുമാറ്റിയത്.
കഴിഞ്ഞദിവസം സര്‍വേക്കല്ല് സ്ഥാപിക്കാന്‍ എത്തിയ കെറെയില്‍ ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് നടന്ന പൊലീസ് നടപടി വലിയ പ്രതിഷേധങ്ങളിലേക്ക് എത്തിച്ചിരുന്നു. കെറെയില്‍ പദ്ധതി ഇടതുപക്ഷ സര്‍ക്കാറിന് കമീഷന്‍ തട്ടാനുള്ള അഴിമതിയുടെ ഭാഗമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. കല്ലുകള്‍ സ്ഥാപിച്ചാല്‍ ഇനിയും പിഴുതെറിയുമെന്നും കെ-റെയില്‍ വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തി പൊലീസ് കാവലിലാണ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് സർവേ കല്ല് സ്ഥാപിച്ചത്. സമരനേതാക്കളും നാട്ടുകാരുമടക്കം 23 പേരെ കസ്റ്റഡിയിലെടുത്ത് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയശേഷമായിരുന്നു സ്ഥലത്ത് കല്ല് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.