‘കരുതലും കൈത്താങ്ങും’ ചങ്ങനാശ്ശേരി താലൂക്കുതല അദാലത് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
ചങ്ങനാശ്ശേരി: ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തിൽ തീർപ്പായത് 143 പരാതി. 168 പരാതിയാണ് മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും നേതൃത്വം നൽകിയ അദാലത്തിൽ പരിഗണിച്ചത്. ബാക്കിയുള്ളവയിൽ ഉടൻ തീർപ്പുണ്ടാക്കുമെന്നും അദാലത് നടപടികൾ സംഗ്രഹിച്ച് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
ഓൺലൈനായി നേരത്തേ രജിസ്റ്റർ ചെയ്ത പരാതികൾ കൂടാതെ അദാലത് നടന്ന ചങ്ങനാശ്ശേരി മുനിസിപ്പൽ ടൗൺ ഹാൾ വേദിയിലെത്തി 78 പേർകൂടി പുതിയ പരാതി സമർപ്പിച്ചിട്ടുണ്ട്. ഇവയിൽ വേണ്ട നടപടി സ്വീകരിച്ച് പത്തുദിവസത്തിനകം പരാതിക്കാരെ അറിയിക്കും. ഇവർക്ക് മന്ത്രിമാരെ നേരിട്ടുകണ്ട് പരാതികൾ ബോധിപ്പിക്കാനുണ്ടെങ്കിൽ ജില്ലതലത്തിൽ ഒരു അവസരംകൂടി ഒരുക്കുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷ സന്ധ്യ മനോജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ. രാജു, മുകേഷ് കെ. മണി, പ്രഫ. ടോമിച്ചൻ ജോസഫ്, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത് എന്നിവർ അദാലത്തിൽ പങ്കെടുത്തു. കലക്ടർ ഡോ. പി.കെ. ജയശ്രീ, ആർ.ഡി.ഒ വിനോദ് രാജ്, ഡെപ്യൂട്ടി കലക്ടർമാരായ ഫ്രാൻസിസ് ബി. സാവിയോ, സോളി ആന്റണി, തഹസിൽദാർമാരായ ടി.ഐ. വിജയസേനൻ, കെ.എസ്. ബിന്ദുമോൾ, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.