കോട്ടയം: പക്ഷിപ്പനിയെ തുടർന്ന് അടച്ചിട്ട മൃഗസംരക്ഷണ വകുപ്പിന്റെ മണര്‍കാട് പൗള്‍ട്രി ഫാം തുറക്കാനുള്ള നടപടികൾ ഇഴയുന്നു. ഫാമിലെ കോഴികൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആറു മാസം മുമ്പാണ് പൂട്ടിയത്. ഫാമിലുണ്ടായിരുന്ന മുഴുവൻ കോഴിക്കുഞ്ഞുങ്ങളെയും കൊന്നൊടുക്കുകയും മുട്ടകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളിലെ മുഴുവൻ ഫാമുകളും അടച്ചിടാൻ സർക്കാർ ഉത്തരവിട്ടതോടെ ഫാം തുറക്കുന്നത് നീണ്ടു.
എന്നാൽ, നിരോധനത്തിന്റെ കാലാവധി അവസാനിച്ചെങ്കിലും ഫാം ഇതുവരെ തുറന്നിട്ടില്ല. തുറക്കാനുള്ള നടപടികളുടെ ഭാഗമായി ഫാം അണുവിമുക്തമാക്കിയെങ്കിലും തുടർനടപടി വൈകുകയാണ്.
ഇത് ഇവിടെ നിന്ന് കോഴിക്കുഞ്ഞുങ്ങളെയും മുട്ടയുമൊക്കെ വാങ്ങിയിരുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സമീപജില്ലകളിൽനിന്നുള്ളവരും കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയിരുന്നു. ഫാം പ്രവര്‍ത്തനം നിർത്തിയത് സാധാരണക്കാര്‍ക്കും വന്‍ നഷ്ടമാണുണ്ടാക്കിയത്. ഫാമില്‍ നിന്ന് ദിവസങ്ങള്‍ പ്രായമായ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി വില്‍ക്കുന്ന നിരവധി പേരുടെ സ്ഥിര വരുമാനം നിലച്ചിരുന്നു. കോഴികളെ കൊന്നതും ഫാം പൂട്ടിയതും വരുമാനം പൂര്‍ണമായും നിലച്ചതും ഫാമിനും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കുന്നത്. തുറന്നാലും ഒരു മാസമെങ്കിലും കഴിഞ്ഞാലേ പ്രവര്‍ത്തനം സാധാരണ നിലയില്‍ എത്തൂകയുള്ളൂവെന്നാണ് ജീവനക്കാർ പറയുന്നത്.
വളർത്തൽ കേന്ദ്രം അടച്ചിട്ട് മാസങ്ങളായതോടെ ഉയർന്ന വില കൊടുത്ത് കോഴിക്കുഞ്ഞുങ്ങളെ വാങ്ങേണ്ട അവസ്ഥയാണെന്ന് കർഷക കർഷകനായ എബി ഐപ് പറഞ്ഞു. നാടൻ പൂവൻ കോഴിക്ക് ഡിമാൻഡ് വർധിച്ചതോടെ പൂവൻ കോഴിക്കുഞ്ഞുങ്ങൾക്കും ആവശ്യക്കാർ എറെയുണ്ട്. സ്ഥാപനം തുറക്കാത്തത് നാടൻ മുട്ടകളുടെ ഉൽപാദനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫാം തുറക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അടുത്ത ദിവസം തന്നെ തീരുമാനമുണ്ടാകുമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.