18 പടികളെയും സാക്ഷിയാക്കി ശബരിമലയിൽ ആലങ്ങാട് യോഗത്തി​െൻറ ശീവേലി

18 പടികളെയും സാക്ഷിയാക്കി ശബരിമലയിൽ ആലങ്ങാട് യോഗത്തി​ൻെറ ശീവേലി ശബരിമല: കര്‍പ്പൂര ദീപപ്രഭയാല്‍ ജ്വലിച്ചുനിന്ന 18 പടികളെയും സാക്ഷിയാക്കി അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് യോഗം നടത്തിയ ശീവേലി സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. ഉടുക്കുകൊട്ടി അയ്യപ്പനെ ഭജിച്ച് അവര്‍ ഭക്തിയുടെ നെറുകയില്‍ ചുവടുകള്‍വെച്ചു. മാളികപ്പുറത്തെ മണിമണ്ഡപത്തില്‍നിന്ന്​ പൂജിച്ച് വാങ്ങിയ ഗോളകയും തിരുവാഭരണത്തോടൊപ്പം പന്തളം കൊട്ടാരത്തില്‍നിന്ന്​ കൊണ്ടുവന്ന തിടമ്പും ചാര്‍ത്തിയാണ് ശീവേലി നടത്തിയത്. മണിമണ്ഡപത്തില്‍നിന്ന് അജിത്ത് കുമാര്‍, ജയകുമാര്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു മാളികപ്പുറത്തെ ചടങ്ങുകള്‍. ശുഭ്രവസ്ത്രം ധരിച്ച്, വാലിട്ട് കണ്ണെഴുതി, കര്‍പ്പൂര താലമേന്തിയാണ് അംഗങ്ങള്‍ ശീവേലിയില്‍ അണിനിരന്നത്. ചെണ്ടമേളത്തി​ൻെറ അകമ്പടിയോടെ പതിനെട്ടാംപടിക്കല്‍ എത്തിയശേഷം പടികള്‍ കഴുകി അവയില്‍ കര്‍പ്പൂരപൂജയും ആരാധനയും നടത്തി. ശീവേലി ചടങ്ങുകള്‍ പതിനെട്ടാംപടിക്ക് മുകളില്‍നിന്ന് തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി എന്നിവര്‍ വീക്ഷിച്ചു. തുടര്‍ന്ന് 18 പടി കയറി സോപാനത്തിലെത്തി അയ്യപ്പദര്‍ശനത്തിനുശേഷം മാളികപ്പുറത്തേക്ക്​ മടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. ഈ മാസം ഒമ്പതിന് യാത്ര പുറപ്പെട്ട യോഗക്കാര്‍ ഒട്ടേറെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ശബരിമലയിലെത്തിയത്. രാജേഷ് പുറയാറ്റില്‍ കളരിയായിരുന്നു ഇത്തവണത്തെ സമൂഹപെരിയോന്‍. അജയന്‍ ആഴകം, അയ്യപ്പന്‍ വെളിച്ചപ്പാട് എന്നിവരുടെ നേതൃത്വത്തിലാണ് 50 അംഗ സംഘം എത്തിയത്. തന്ത്രിയുടെയും മേല്‍ശാന്തിയുടെയും അനുഗ്രഹം വാങ്ങി 17നേ സംഘം നാട്ടിലേക്ക് മടങ്ങൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.