പെട്ടിമുടി ദുരന്തം: രണ്ടു മൃതദേഹംകൂടി കണ്ടെത്തി; മരണം 63

മൂന്നാർ: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി തുടര്‍ച്ചയായ 13ാം ദിവസവും തിരച്ചില്‍. ബുധനാഴ്​ച നടന്ന തിരച്ചിലില്‍ രണ്ട് മൃതദേഹംകൂടി കണ്ടെടുത്തു. വിഷ്ണു (എട്ട്​), ഒരു സ്ത്രീ എന്നിവരുടെ മൃതദേഹമാണ്​ കിട്ടിയത്​. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കണ്ടെത്തിയത്​ മുരുക​ൻെറ (49) മൃതദേഹമാണന്നും തിരിച്ചറിഞ്ഞു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 63 ആയി. ഏഴുപേരെ കൂടിയാണ്​ ഇനി കണ്ടെത്താനുള്ളത്​. പെട്ടിമുടിയില്‍ ലയങ്ങള്‍ സ്ഥിതി ചെയ്തിരുന്നിടത്ത് റഡാര്‍ ഉപയോഗിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍. ചെന്നൈയില്‍നിന്ന് എത്തിച്ച റഡാര്‍ സംവിധാനത്തിന് പുറമെ തൃശൂര്‍ സ്വദേശിയായ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ രവീന്ദ്ര​ൻെറ നേതൃത്വത്തില്‍ ഡൗസിങ്​ റോഡ് സംവിധാനവും തിരച്ചിലിനുണ്ട്. മണ്ണിനടിയിലെ ശരീരസാന്നിധ്യം റഡാര്‍, ഡൗസിങ്​ റോഡ് സംവിധാനത്തില്‍ തിരിച്ചറിഞ്ഞ് ആ പ്രദേശം കേന്ദ്രീകരിച്ച് മണ്ണ് നീക്കം ചെയ്ത് സൂക്ഷമ പരിശോധനയാണ് നടത്തിയത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ബുധനാഴ്ചത്തെ അനുകൂല കാലാവസ്ഥയും റഡാര്‍ സേവനവും തിരച്ചില്‍ എളുപ്പമാക്കി. ഡോഗ് സ്‌ക്വാഡി​ൻെറ നായ്​ക്കളെ ഉപയോഗിച്ചുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. നായ്​ക്കള്‍ക്ക് മൂന്നാറിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതിനാലാണിത്​. എന്‍.ഡി.ആര്‍.എഫ്, അഗ്​നിരക്ഷാസേന, പൊലീസ്, വനം വകുപ്പുകളുടെ നേതൃത്വത്തിലാണ്​ തിരച്ചില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.