ജെ ബ്ലോക്കിൽ നെല്ല്​ സംഭരണം പൂർത്തിയായി: 20 കിലോ കിഴിവ്​ ആവശ്യപ്പെട്ട്​ മില്ലുടമകൾ

കോട്ടയം: തിരുവാർപ്പ്​ ജെ ബ്ലോക്ക്​ ഒമ്പതിനായിരം പാടശേഖരത്തിലെ സംഭരണം പൂർത്തിയായെങ്കിലും നെല്ലെടുത്തതിന്​ പി.ആർ.എസ്​ (പാഡി പ്രൊക്യൂർമെന്‍റ്​ റസീപ്​റ്റ്​) നൽകിയില്ല. നെല്ല്​ നനഞ്ഞതിനാൽ കൂടുതൽ കിഴിവ്​ ആവശ്യപ്പെടുകയാണ്​ മില്ലുകാർ. ഒരു ക്വിന്‍റലിന്​ 20 കിലോയാണ്​ ആവശ്യപ്പെട്ടത്​. എന്നാൽ, നെല്ല്​ വെള്ളത്തിലായതിന്‍റെ നഷ്ടത്തിലിരിക്കുന്ന കർഷകർക്ക്​ ഈ വൻകിഴിവ്​ വലിയ തിരിച്ചടിയാകും. 1800 ഏക്കർ ചുറ്റളവിലെ തിരുവാർപ്പ്​ ജെ ബ്ലോക്ക്​ ഒമ്പതിനായിരം പാടശേഖരത്തിൽ കഴിഞ്ഞ മാസം 12നാണ്​ കൊയ്ത്ത്​ ആരംഭിച്ചത്. 28ന് പൂർത്തിയാക്കി, കരയോടു ചേർന്ന പ്രദേശത്ത്​ സംഭരണം ആരംഭിച്ചെങ്കിലും കാര്യക്ഷമമായില്ല. ഇതിനിടെ അപ്രതീക്ഷിതമായെത്തിയ മഴയിൽ നെല്ല്​ വെള്ളത്തിലായി. മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ്​ നെല്ല് സംഭരണം അടിയന്തരമായി പൂർത്തിയാക്കാൻ മില്ലുടമകൾ തയാറായത്​. സംഭരിക്കാൻ കഴിയാതെ കിടന്ന 1310 ടൺ നെല്ല് മന്ത്രി ഇടപെട്ടതോടെ പാലക്കാട് ഉൾപ്പെടെയുള്ള സ്ഥലത്തുനിന്ന്​ എത്തിയ മില്ലുടമകൾ സംഭരിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ മാസം 13നാണ് മന്ത്രി ജി.ആർ. അനിൽ അടിയന്തര യോഗം വിളിച്ചത്. തുടർന്ന് ഉദ്യോഗസ്ഥതലത്തിലും മില്ലുടമകളുമായും നടത്തിയ നിരന്തര ഇടപെടലിനെ തുടർന്ന് നെല്ല് സംഭരണം അന്തിമഘട്ടത്തിലാണ്​. ജില്ലയിൽ ഇതുവരെ 15,000 ഹെക്ടർ പാടശേടരങ്ങളിൽനിന്നായി 41,000 ടൺ നെല്ല്​ സംഭരിച്ചു. -------- കൊയ്യാൻ 5000 ടൺ ആയിരത്തിനടുത്ത്​ ടൺ നെല്ല്​ ​കൊയ്തത്​ സംഭരിക്കാനുണ്ട്​. ഇനി 5000 ടണ്ണിൽ താഴെ നെല്ല് കൊയ്യാൻ അവശേഷിക്കുന്നുണ്ടാവും. ജൂൺ 10നകം കൊയ്ത്ത്​ പൂർത്തിയാക്കി ഈ നെല്ലും സംഭരിക്കാനാവുമെന്നാണ് പ്രതീക്ഷ. അഞ്ചു താലൂക്കുകളിലായി 29 മില്ലുകളാണ്​ നെല്ല്​ സംഭരിക്കുന്നത്​. 98 പാടശേഖരങ്ങളിൽ കൊയ്ത്ത്​ പൂർത്തിയാകാനുണ്ട്​. വെള്ളം കയറിയ പാടങ്ങളിൽ ഇനി കൊയ്ത്ത്​ പ്രായോഗികമാവില്ലെന്നാണ്​ കർഷകർ പറയുന്നത്​. വെള്ളത്തിൽകിടന്ന്​ ഭൂരിഭാഗം നെല്ലും ചീഞ്ഞുനശിച്ചു. ബാക്കിയുള്ളവ കൊയ്താലും നെല്ലിന്‍റെ ഗുണമേന്മ കുറയും. അപ്രതീക്ഷിതമായി പെയ്ത വേനൽമഴയിൽ പാടത്ത് കൂട്ടിയിട്ട നെല്ല് നനയുകയും ഈർപ്പം പിടിക്കുകയും ചെയ്തിരുന്നു. ഇത് പൂർണമായും സംഭരിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു മില്ലുടമകൾ. എന്നാൽ, മന്ത്രി ഇടപെട്ടതോടെ സംഭരിക്കാൻ ശേഷിച്ചിരുന്ന നെല്ലിന്റെ 80 ശതമാനവും മില്ലുടമകൾ സംഭരിച്ചതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. തുടരുന്ന മഴ നെല്ലുസംഭരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.