റബർ ബോർഡ്​ വിഹിതത്തിൽ വർധന

കോട്ടയം: കേന്ദ്ര ബജറ്റിൽ ജില്ലക്ക്​ നിരാശ. റബര്‍ ബോര്‍ഡിനുള്ള പതിവ്​ വിഹിതം മാത്രമാണ് കേന്ദ്രബജറ്റില്‍ ജില്ലയുടെ പേരിലുള്ളത്​. 268.76 കോടി രൂപയാണ്‌ റബര്‍ ബോര്‍ഡിനായി നീക്കിവെച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ കൂടിയ തുകയാണിത്​. 2020-21 ബജറ്റില്‍ 187.69 കോടിയായിരുന്നു റബർ ബോർഡിനായി അനുവദിച്ചത്​. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ചത്​ 190 കോടി രൂപയായിരുന്നു. പിന്നീട് രണ്ടു ഘട്ടങ്ങളിലായി വിഹിതം വര്‍ധിപ്പിച്ചു. 263.95 കോടി വരെ എത്തിയിരുന്നു. എന്നാൽ, റബർ ബോർഡിന്‍റെ വിഹിതത്തിന്‍റെ വർധന കേരളത്തിന്​ ഗുണകരമാകില്ലെന്നാണ്​ സൂചന. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കൃഷി വ്യാപനം ലക്ഷ്യമിട്ടാണ്​ കൂടുതൽ തുകയെന്നാണ്​ കർഷകസംഘടനകൾ പറയുന്നത്​. നിലവില്‍ അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ റബര്‍ കൃഷി പ്രോത്സാഹനത്തിനാണു ബോര്‍ഡ് മുന്‍കൈയെടുക്കുന്നത്. അതേസമയം, ഇറക്കുമതി ചെയ്യുന്ന നിര്‍മാണ വസ്തുക്കളുടെ നികുതി കൂട്ടിയത്​ റബറിനു നേട്ടമാകുമെന്നു വിലയിരുത്തുന്നവരുണ്ട്. പ്രതിരോധ മേഖലയില്‍ ഇറക്കുമതി കുറക്കാനുള്ള തീരുമാനവും ഭാവയില്‍ റബര്‍ മേഖലക്ക്​ ഗുണകരമാകുമെന്നാണു സൂചന. കേന്ദ്രബജറ്റ് നിരാശജനകം -കേരള കോൺഗ്രസ് ബി കോട്ടയം: കേരളത്തിന്‍റെ ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള കേന്ദ്രബജറ്റ്​ നിരാശജനകമാണെന്ന്​ കേരള കോൺഗ്രസ് ബി ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. മീഡിയവൺ വിലക്കിൽ പ്രതിഷേധിച്ച യോഗം മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാർ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ സാജൻ ആലക്കളം അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ദീപു ബാലകൃഷ്ണൻ, ജില്ല വൈസ് പ്രസിഡന്‍റുമാരായ ബി.ശശിധരൻ,ഹരിപ്രസാദ് ഉണ്ണിപ്പിള്ളി, സെക്രട്ടറിമാരായ ബേബിച്ചൻ തയ്യിൽ, സാൽവിൻ കൊടിയന്ത്ര, സാബു കോയിപ്പള്ളി, ഷിബുശങ്കർ, ജിജോ മൂഴയിൽ, ആദർശ് കെ.രമേശ്, ബിജി മണ്ഡപം, വിനോദ് ബി, അബ്ദുൽ അസീസ്, സനോജ് സോമൻ, വിപിൻ രാജ്, മനോജ് മാഞ്ചേരിൽ, എബ്രഹാം കളത്തിൽ, മൻസൂർ പുതുവീട്, സാബു മത്തായി, ബ്രിജിത് എന്നിവർ സംസാരിച്ചു. കാര്‍ഷിക, പൊതുവിതരണ മേഖലയെ തകർക്കും -ഡോ.എന്‍. ജയരാജ് കോട്ടയം: കാര്‍ഷിക, പൊതുവിതരണ, ഗ്രാമീണമേഖലയെ തകര്‍ക്കുന്നതാണ്​ കേന്ദ്ര ബജറ്റെന്ന്​ ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്. കൃഷിക്കും കാര്‍ഷിക മേഖലക്കും കര്‍ഷക ക്ഷേമത്തിനും വേണ്ടി നീക്കി​വെച്ചിരുന്നതില്‍ 718 കോടിയുടെ കുറവാണ് ഇത്തവണ ബജറ്റിൽ ഉണ്ടായിരിക്കുന്നത്. ഭക്ഷ്യപൊതുവിതരണത്തിന് 2021-22ല്‍ 299354 കോടി നീക്കി​വെച്ച സ്ഥാനത്ത് 207291 കോടി മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. സഹകരണ മേഖലയെ വരുമാന നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് കേരളം പോലെ വിപുലമായ സഹകരണ സ്ഥാപനങ്ങളുള്ള സംസ്ഥാനത്തെ സാരമായി ബാധിക്കും. വലിയ തോതില്‍ ലാഭമുണ്ടാക്കുന്ന വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍നിന്ന് നികുതി കൂടുതലായി പിരിക്കുന്നതിന് ഒരു നിര്‍ദേശവും പുതുതായി ഏര്‍പ്പെടുത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.