ശുചീകരിക്കാൻ ആളില്ല; സന്നിധാനത്ത്​ മുറികൾ അനുവദിക്കാൻ പ്രതിസന്ധി

ശബരിമല: സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് രാത്രി തങ്ങാൻ അനുമതി നൽകിയെങ്കിലും താമസകേന്ദ്രങ്ങളിൽ ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്​ടിക്കുന്നു. സന്നിധാനത്തെ വിവിധ കെട്ടിടങ്ങളിലായി തീർഥാടകർക്ക് തങ്ങാൻ 500 മുറിയാണ് സജ്ജീകരിച്ചിരിക്കുന്നത്. മുറികളുടെ ശുചീകരണത്തിനും മറ്റ് കാര്യങ്ങൾക്കുമായി ആവശ്യത്തിന്​ ജോലിക്കാരില്ലാത്തതാണ് പ്രതിസന്ധി‍യാകുന്നത്. ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുകയാണ് പതിവ്. ഇത്തവണ തീർഥാടനം തുടങ്ങിയിട്ടും മുറികൾ നൽകാൻ കഴിയാതെവന്നതോടെ കൂടുതൽ ജീവനക്കാരെ ദേവസ്വം ബോർഡ് നിയമിച്ചിരുന്നില്ല. കൂടുതൽ ജീവനക്കാരെ എത്തിക്കാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേണ്ടിവരും. സന്നിധാനത്ത് തങ്ങാൻ അനുമതി ലഭിച്ചതോടെ നൂറുകണക്കിന് തീർഥാടകരാണ് മുറി ആവശ്യപ്പെട്ട് എത്തുന്നത്. ജീവനക്കാരുടെ എണ്ണം കുറവായതിനാൽ മുറികൾ പൂർണസജ്ജമാക്കാൻ ബോർഡിന് സാധിക്കുന്നില്ല. പരമാവധി 12 മണിക്കൂര്‍ വരെ മുറികളില്‍ താമസിക്കാൻ കഴിയും. 12 മണിക്കൂര്‍ കഴിഞ്ഞാല്‍ തീർഥാടകരെ മുറികളില്‍ തങ്ങാന്‍ അനുവദിക്കുകയില്ല. അനുവദിച്ച സമയത്തിനുശേഷം മുറി ഒഴിഞ്ഞില്ലെങ്കില്‍ കോഷന്‍ ​െഡപോസിറ്റ് തുക തിരിച്ചുകിട്ടുകയുമില്ല. ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ആരംഭിക്കാത്തതിനാല്‍ സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക് നേരിട്ട് അക്കോമഡേഷൻ ഓഫിസിലെ കൗണ്ടറിൽ വന്നാല്‍ മാത്രമേ മുറികള്‍ ലഭിക്കൂ. മുമ്പ് മുറികൾ എടുത്ത് 12 മണിക്കൂർ കഴിഞ്ഞ് ഒഴിയാൻ കഴിയാതെവന്നാൽ നാലു മണിക്കൂർകൂടി ചേർത്ത് 16 മണിക്കൂർ സമയത്തേക്ക് മുറികൾ അനുവദിക്കുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.