വോട്ടർ പട്ടിക പുതുക്കൽ നടപടി തൃപ്തികരം -നിരീക്ഷകൻ

കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ സ്വീകരിച്ച നടപടികൾ തൃപ്തികരണമാണെന്ന് തെരഞ്ഞെടുപ്പ്​ കമീഷ‍ൻെറ വോട്ടർപട്ടിക നിരീക്ഷകൻ അലി അസ്ഗർ പാഷ. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും വിവരങ്ങൾ തിരുത്തുന്നതിനുമായി ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് രാഷ്​ട്രീയ പാർട്ടികൾക്കും ജനപ്രതിനിധികൾക്കുമുള്ള പരാതികളും സംശയങ്ങളും ചർച്ച ചെയ്യുന്നതിന് ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ‍ൻെറ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം ഈമാസം 30വരെയാണ്. 2022 ജനുവരി ഒന്നിന് 18 വയസ്സോ അതിനു മുകളിലോ പ്രായമെത്തിയവർക്ക് പുതിയ വോട്ടറായി രജിസ്​റ്റർ ചെയ്യാം. അടുത്തിടെ താമസം മാറിയവരാണെങ്കിൽ മേൽവിലാസം മാറ്റാനും വോട്ടർ തിരിച്ചറിയൽ കാർഡിൽ തെറ്റുണ്ടെങ്കിൽ വിവരങ്ങൾ തിരുത്താനും വോട്ടർ ഹെൽപ് ലൈൻ മൊബൈൽ ആപ്, www.nvsp.in, www.voterportal.eci.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈനായി സാധിക്കും. വോട്ടർ ഫെസിലിറ്റേഷൻ സൻെറർ മുഖാന്തരവും ബി.എൽ.ഒയുമായി നേരിട്ട് ബന്ധപ്പെട്ടും സേവനം നേടാം. 1950 എന്ന വോട്ടർ ഹെൽപ് ലൈൻ നമ്പറിലും സേവനങ്ങൾക്കായി ബന്ധപ്പെടാം. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പരാതികൾ cmd@supplycomail.com എന്ന ഇ-മെയിലിൽ ലഭ്യമാക്കാവുന്നതാണെന്ന്​ നിരീക്ഷകൻ പറഞ്ഞു. കലക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ജിയോ ടി. മനോജ് പട്ടിക പുതുക്കൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു. രാഷ്്ട്രീയ പാർട്ടി പ്രതിനിധികളായ ജോഷി ഫിലിപ്പ്, മാഞ്ഞൂർ മോഹൻ കുമാർ, ടി.എൻ. ഹരികുമാർ, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.