എം.ജി വികസിപ്പിച്ച പോളിമർ-നാനോ സംയുക്ത പദാർഥത്തിന് പേറ്റൻറ്​

കോട്ടയം: മൊബൈൽ ഫോണുകളിലെ വൈദ്യുതകാന്തിക തരംഗങ്ങളെ തടയാൻ മഹാത്മാഗാന്ധി സർവകലാശാല ഗവേഷണത്തിലൂടെ വികസിപ്പിച്ച പോളിമർ-നാനോ കണങ്ങളുടെ സംയുക്ത പദാർഥത്തിന് കേന്ദ്ര സർക്കാറി​ൻെറ പേറ്റൻറ്​. മഹാത്മാഗാന്ധി സർവകലാശാല ഇൻറർനാഷനൽ ആൻഡ് ഇൻറർയൂനിവേഴ്‌സിറ്റി സൻെറർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി വികസിപ്പിച്ച സംയുക്ത പദാർഥത്തിനാണ് പേറ്റൻറ്​ ലഭിച്ചത്. മൊബൈൽ ഫോണിൽ നിലവിൽ ഉപയോഗിക്കുന്ന ലോഹങ്ങൾക്ക് പകരം വിലക്കുറവും ഭാരക്കുറവുമുള്ള പുതിയ പദാർഥം ഉപയോഗിക്കാനാവുന്നത് ഇൗ രംഗത്ത് വലിയ മാറ്റത്തിന് വഴിവെക്കും. ബയോപോളിമറായ പോളി ട്രൈമെഥിലി​ൻെറയും വിലകുറഞ്ഞ നിത്യോപയോഗ പോളിമറായ പോളി പ്രൊപ്പിലി​ൻെറയും മിശ്രിതം നാനോ കണങ്ങളുമായി ചേർത്താണ് പുതിയ പദാർഥം വികസിപ്പിച്ചത്. വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, ഡയറക്ടർ പ്രഫ. നന്ദകുമാർ കളരിക്കൽ, തൊടുപുഴ ന്യൂമാൻ കോളജ്​ അധ്യാപിക ഡോ. എ.ആർ. അജിത, ഡോ. എം.കെ. അശ്വതി, ഡോ. വി.ജി. ഗീതമ്മ, ഡോ. ലവ്‌ലി പി. മാത്യു എന്നിവർ നടത്തിയ സംയുക്ത ഗവേഷണത്തി​ൻെറ ഫലമായാണ് പുതിയ പദാർഥം കണ്ടെത്തിയത്. 2018ലാണ് പേറ്റൻറിനായി സർവകലാശാല കേന്ദ്ര പേറ്റൻറ്​ ഓഫിസിന് അപേക്ഷ നൽകിയത്. ഈ മാസം 15നാണ് പേറ്റൻറ്​ അനുവദിച്ചത്. ഡോ. എ.ആർ. അജിതയുടെ യു.ജി.സി, ജെ.ആർ.എഫ് ധനസഹായത്താലാണ് ഗവേഷണം ആരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.