റാന്നിയിലെ 'യുറേനിയം' കരിമണൽ; പൊലീസിനും ആശ്വാസം

റാന്നി: റാന്നിയിൽ പൊലീസിനെ രണ്ടുദിവസം വട്ടംചുറ്റിച്ച സമ്പുഷ്​ട യുറേനിയം കഥക്ക്​ അവസാനം. ചൊവ്വാഴ്ച എറണാകുളത്തുനിന്ന്​ എത്തിയ ഐ.ആർ.ഇ.എൽ (ഇന്ത്യൻ റെയർ എർത്ത്​സ്​ ലിമിറ്റഡ്) വിദഗ്​ധസംഘം സംഭവം കരിമണലെന്ന്​ സ്ഥിരീകരിച്ചതോടെയാണ് യുറേനിയം പേടി മാറിയത്​. കഴിഞ്ഞ ഞായറാഴ്​ച രാത്രിയാണ്​ റാന്നിയിലെ പൊലീസിനെയും നാട്ടുകാരെയും ഭീതിയിലാഴ്​ത്തിയ യുറേനിയം കഥക്ക്​ തുടക്കം. കൈവശം കുറച്ച്​ സമ്പുഷ്​ട യുറേനിയമുണ്ടെന്നും സൂക്ഷിക്കുന്നത്​ അപകടമാണെന്നും നിങ്ങൾ കൊണ്ടുപോകണമെന്നും വലിയകുളം സ്വദേശികളായ പ്രശാന്ത്, സുനിൽ എന്നീ യുവാക്കളാണ് പൊലീസ്​ കൺട്രോൾ റൂമിൽ അറിയിച്ചത്​. റാന്നി പൊലീസ്​ യുവാക്കളുടെ വീട്ടിലെത്തി രണ്ടുപേരെയും കസ്​റ്റഡിയിലെടുത്തു. ഒമ്പതുമാസം മുമ്പ്​ തമിഴ്​നാട്ടിലെ കൂടങ്കുളത്തിന്​ സമീപത്തുനിന്നാണ്​ ഇത്​ ലഭിച്ചതെന്നും യുറേനിയമാണെന്ന സർട്ടിഫിക്കറ്റ്​ ഉണ്ടെന്നും യുവാക്കൾ പൊലീസിനോട്​ പറഞ്ഞു. റൈസ് പുള്ളർപോലെ ഒരുസാധനം ആണിതെന്ന് പറഞ്ഞാണ് പ്രശാന്തിനും സുനിലിനും വിജയകുമാർ എന്നയാൾ ഇത്​ കൈമാറിയത്. ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വിജയകുമാർ പറഞ്ഞത്രേ. വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. സർട്ടിഫിക്കറ്റ്​ ആസൂത്രണ കമീഷൻ സാക്ഷ്യപ്പെടുത്തിയതാണെന്നും തെറ്റിദ്ധരിപ്പിച്ചു. ബോംബ്​ സ്​ക്വാഡ്​ കഴിഞ്ഞ ദിവസം പരിശോധിച്ച്​ റേഡിയേഷൻ ഇല്ലാത്ത വസ്​തുവാണെന്ന്​ കണ്ടെത്തിയിരുന്നു. എറണാകുളത്ത​ുനിന്നുള്ള സംഘം കരിമണലാണെന്നും കണ്ടെത്തിയതോടെ ഗ്രാമത്തി​ൻെറ ഭയാശങ്കകള്‍ക്കുമാണ് അവസാനമായത്. സ്വർണച്ചേന, ഇരുതലമൂരി തുടങ്ങിയവയുടെ പേരിലെ തട്ടിപ്പുസംഘം ആയിരിക്കും ഇവരെയും പറ്റിച്ചതെന്നാണ് നിഗമനം. കേസെടുത്ത് യുവാക്കളെ പൊലീസ്​ വിട്ടയച്ചു. തട്ടിപ്പ് നടത്തിയവർക്കെതിരെ അന്വേഷണം തുടരുമെന്ന് സി.ഐ കെ.എസ്. വിജയൻ അറിയിച്ചു. -റഷീദ് പി.എച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.