ഒരിലയിലുണ്ട്​, ഒരുപായയിലുറങ്ങി രണ്ടിലയും ചെ​ങ്കൊടിയും

കോട്ടയം: ഒരുവർഷം മുമ്പ്​ പാലായിൽ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പരസ്​പരം വെല്ലുവിളിച്ചിരുന്നവർ ഒന്നിച്ചുകളിച്ച്​ ചിരിച്ചുനിൽക്കുന്നതുകണ്ട്​ അന്തംവിട്ടാണ്​ പാലായിലെയും പരിസര പ്രദേശങ്ങളിലെയും വോട്ടർമാർ പോളിങ്​ ബൂത്തിൽനിന്ന്​ മടങ്ങിയത്​. കേരളം സ്​തംഭിച്ച ബാർകോഴ സമരം കൊടുമ്പിരിക്കൊണ്ട കാലത്ത്​ പരസ്​പരം കടിച്ചുകീറാൻ തക്കംപാർത്തിരുന്നവർ ഒരുകൈയിൽ രണ്ടിലയും മറുകൈയിൽ ചെ​ങ്കൊടിയുമേന്തി ഒരുപാത്രത്തിലുണ്ട്​ ഒരു പായയിലുറങ്ങി നടത്തിയ ആദ്യ തെരഞ്ഞെടുപ്പെന്ന പ്രത്യേകത ഇത്തവണയുണ്ടായിരുന്നു. ഇത്രകാലം ഒപ്പംനിന്ന യു.ഡി.എഫിനെയും പ്രത്യേകിച്ച്​ ജോസഫ്​ വിഭാഗത്തിനെയും മലർത്തിയടിച്ചാൽ മാത്രമേ നിലനിൽപുള്ളൂവെന്ന്​ വ്യക്തമായി മനസ്സിലായ ജോസ്​ വിഭാഗം വോ​ട്ടെടുപ്പ്​ തീരുംവരെ സജീവമായിരുന്നു. യു.ഡി.എഫിലായിരുന്നപ്പോൾ ഒപ്പമുണ്ടായിരുന്ന കോൺഗ്രസി​ൻെറ കാലുവാരൽ ചിരപരിചിതമായ രാമപുരം പഞ്ചായത്തിലും മറ്റുമുള്ള മാണിവിഭാഗം​ പ്രവർത്തകർക്ക്​ ഇക്കുറി സി.പി.എം അടക്കമുള്ള ഇടതുമുന്നണി പ്രവർത്തകർ നൽകിയ പിന്തുണ നവ്യാനുഭവമായി. യു.ഡി.എഫിൽനിന്നപ്പോഴുള്ളതിനേക്കാൾ പരിഗണന കിട്ടിയതും ജോസ്​ അനുകൂലികളെ ആവേശത്തിലാക്കിയിരുന്നു. ചരിത്രത്തിൽ ആദ്യമായി 960 പേരെവരെ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ ജോസ്​ വിഭാഗത്തിന്​ കഴിഞ്ഞു. ഇതിൽ മഹാഭൂരിപക്ഷവും 50 വയസ്സി​ൽ താഴെയുള്ളവരാണ്​. കെ.എം. മാണിയുടെ കാലത്തേക്കാൾ പാർട്ടി മുന്നോട്ടുപോയി എന്നതിന്​ തെളിവായാണ്​ പ്രവർത്തകർ ഇതിനെ അവതരിപ്പിക്കുന്നത്​. വിവിധ പഞ്ചായത്തുകളിലേക്ക്​ 750ഉം മുനിസിപ്പാലിറ്റികളിലേക്ക്​ 115ഉം ​േബ്ലാക്കിലേക്ക്​ നൂറും സീറ്റ്​ വരെയും ജില്ല പഞ്ചായത്തിലേക്ക്​ 27ഉം സ്ഥാനാർഥികളെ മാണി വിഭാഗം നിർത്തിയിരുന്നു. സി.പി.എമ്മി​​ൻെറ പിന്തുണയോടെ നടത്തിയ ചിട്ടയായ പ്രചാരണം വൻവിജയം നേടാൻ വഴിയൊരുക്കുമെന്നാണ്​ മാണി വിഭാഗം നേതാക്കൾ അവകാശപ്പെടുന്നത്. ജോസ്​ വിഭാഗത്തി​ൻെറ പിന്തുണയുള്ളതിനാൽ ജില്ല പഞ്ചായത്തടക്കം കോട്ടയത്തെ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അധികാരം പിടിക്കാമെന്ന വിശ്വാസത്തിലാണ്​ സി.പി.എം. അതേസമയം, ജീവന്മരണ പോരാട്ടത്തിനിടയിലും ചില വാർഡുകളിൽ കാലുവാരൽ ഉണ്ടായെന്ന സംശയവും ഇടതുക്യാമ്പിൽ ഉണ്ടായിട്ടുണ്ട്​. ഇത്​ ശരിയായാൽ വോട്ടിങ്​ രീതി പഠിച്ചശേഷം ഉത്തരവാദികളെ പാർട്ടിയിൽനിന്നുതന്നെ പുറന്തള്ളുമെന്ന്​ ജോസ്​ വിഭാഗം നേതാക്കൾ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.