മദ്യവിതരണം നടത്തിയ യു.ഡി.എഫ്​ സ്ഥാനാര്‍ഥിയും കൂട്ടരും അറസ്​റ്റിൽ

മൂന്നാര്‍: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയ യു.ഡി.എഫ്​ സ്ഥാനാര്‍ഥിയും കൂട്ടരും അറസ്​റ്റില്‍. പള്ളിവാസല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ്​ സ്ഥാനാർഥി എസ്.സി. രാജയെയും കൂട്ടരെയുമാണ് മൂന്നാര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തത്. പോതമേട് ഒന്നാം വാര്‍ഡിന് സമീപത്തെ മേഘദൂത് റിസോര്‍ട്ടിലാണ് സ്ഥാനാര്‍ഥിയും കൂട്ടാളികളായ പിച്ചമണി (30), മുരുകന്‍ (32) എന്നിവരും മദ്യസൽക്കാരം സംഘടിപ്പിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു. മൂന്നാര്‍ എസ്.ഐ സന്തോഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മദ്യവും പിടിച്ചെടുത്തു. പൊലീസ്​ പരിശോധനയില്‍ സ്ഥാനാര്‍ഥി മദ്യപിച്ചിരുന്നതായും കണ്ടെത്തി. അവധി ദിവസത്തിൽ മദ്യം ലഭിച്ചതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തോട്ടം മേഖലയില്‍ പണവും മദ്യവും നല്‍കി വോട്ടർമാരെ സ്വാധീനിക്കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ എ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ്​ രൂപവത്​കരിച്ചാണ് പരിശോധനകള്‍ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.