ഭ​രണം നിലനിർത്താൻ കോൺഗ്രസ്​

നെടുങ്കുന്നം നെടുങ്കുന്നം: നിലവിലെ ഭരണം നിലനിർത്താനാണ് നെടുങ്കുന്നം പഞ്ചായത്തിൽ കോൺഗ്രസി​ൻെറ ശ്രമം. കേരള കോൺഗ്രസ് ജോസ് വിഭാഗംകൂടി എത്തിയതോടെ ഭരണം നേടാൻ എൽ.ഡി.എഫും അക്കൗണ്ട് തുറക്കാനുള്ള പരിശ്രമത്തിൽ ബി.ജെ.പിയും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 15 സീറ്റിൽ കോൺഗ്രസ് ആറ്, കേരള കോൺഗ്രസ്-എം നാല് എന്നിങ്ങനെയായിരുന്നു യു.ഡി.എഫിലെ കക്ഷിനില. സി.പി.എം രണ്ട്, സി.പി.ഐ രണ്ട്, സി.പി.എം സ്വതന്ത്രൻ ഒന്ന് എന്നായിരുന്നു എൽ.ഡി.എഫിലെ സ്ഥിതി. കേരള കോൺഗ്രസ് പിളർന്നതോടെ രണ്ട് അംഗങ്ങൾ വീതം രണ്ട് മുന്നണിയിലും നിലയുറപ്പിച്ചു. ഇതോടെ യു.ഡി.എഫ് അംഗങ്ങൾ എട്ടായി കുറഞ്ഞു. എൽ.ഡി.എഫ് അംഗങ്ങൾ ഏഴായി ഉയർന്നു. 15 വാർഡിലും സ്ഥാനാർഥികളെ നിർത്തി ശക്തമായ പോരാട്ടമാണ് എൻ.ഡി.എ നടത്തുന്നത്. കേരള കോൺഗ്രസ് പിളർപ്പ് നെടുങ്കുന്നത്തെ വർഷങ്ങളായ രാഷ്​ട്രീയസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. കോൺഗ്രസ്-കേരള കോൺഗ്രസ് ധാരണപ്രകാരം കഴിഞ്ഞ പ്രാവശ്യം അഞ്ചുപേർക്കാണ് പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനം കിട്ടിയത്. ഇവരിൽ നാലുപേർ മത്സര രംഗത്തുണ്ട്. മൂന്നുപേർ കോൺഗ്രസിലും ഒരാൾ ജോസഫ് വിഭാഗത്തിലുമാണ്. 12ാം വാർഡ് ചാത്തൻപാറയിലും 13ാം വാർഡ് ചേലക്കൊമ്പിലും ശ്രദ്ധേയമായ മത്സരമാണ്​ നടക്കുന്നത്. ഇരു വാർഡിലും ജോസഫ്-ജോസ് വിഭാഗങ്ങൾ തമ്മിലാണ് മത്സരം. പോരാട്ടം അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സംസ്ഥാന-ജില്ല നേതാക്കളടക്കം സ്ഥാനാർഥികൾക്കൊപ്പം പ്രചാരണരംഗത്ത് സജീവമാണ്. ഇത്തവണ പ്രസിഡൻറ് വനിതയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.