കായംകുളത്ത്​ പ്രവചനാതീതം

2. കായംകുളം നഗരസഭ കായംകുളം: പ്രചാരണത്തിൻെറ അവസാനഘട്ടത്തിലേക്ക് കടന്നതോടെ പ്രവചനാതീതമായ മത്സരമാണിവിടെ. വിമത ഭീഷണി ഇരുമുന്നണികളുടെയും സാധ്യതകൾക്ക് തിരിച്ചടിയാണ്. അധികാരം നിലനിർത്താൻ ഇടതും പിടിച്ചെടുക്കാൻ യു.ഡി.എഫും അംഗബലം കൂട്ടാൻ ബി.ജെ.പിയും സർവസന്നാഹവുമായി ഇറങ്ങിയതോടെ മത്സരം ഇഞ്ചോടിഞ്ചാണ്. ചെറിയ പാർട്ടികളുടെയും സ്വതന്ത്രരുടെയും ശക്തമായ സാന്നിധ്യവും പല വാർഡുകളിലും വെല്ലുവിളി ഉയർത്തുന്നു. കഴിഞ്ഞതവണ 21 പേരുടെ പിന്തുണയിലാണ് ഇടതുപക്ഷം അധികാരത്തിലേറിയത്. സി.പി.എം-13, സി.പി.െഎ-മൂന്ന്, െഎ.എൻ.എൽ, ജനതാദൾ, സ്വതന്ത്രർ എന്നിവർ ഒന്നുവീതം എന്നതായിരുന്നു കക്ഷിനില. ഇടത് വിമതനായി ജയിച്ച എൻ.സി.പി അംഗവും കോൺഗ്രസ് വിമതയും പിന്തുണ നൽകിയതോടെയാണ് 21 ആയത്. പ്രതിപക്ഷത്തായിരുന്ന കേരള കോൺഗ്രസും ലോക് താന്ത്രിക് ജനതാദളും ഭരണത്തിൻെറ അവസാന നാളുകളിൽ പിന്തുണയുമായി എത്തിയതോടെ 23ൽ എത്തി. പ്രതിപക്ഷത്ത് കോൺഗ്രസ്-11, ലീഗ്-മൂന്ന്, ബി.ജെ.പി-ഏഴ് എന്നതായിരുന്നു കക്ഷിനില. ബി.ജെ.പിയുടെ 'നിഷ്​പക്ഷ' നിലപാടാണ് ഇടതുപക്ഷത്തിന് പല തീരുമാനങ്ങൾക്കും സഹായകമായത്. ഇത്തവണ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ ഇറങ്ങിയ ഇടതുമുന്നണിക്ക് സി.പി.എമ്മിൻെറ പ്രബലവിമതരാണ് പ്രധാന ഭീഷണി. എൽ.ഡി.എഫിൽ 25ാം വാർഡിൽ സി.പി.എമ്മും 10ൽ സി.പി.െഎയും മൽസരിക്കുന്നു. ജനതാദൾ, ലോക്​താന്ത്രിക് ജനതാദൾ, എൻ.സി.പി പാർട്ടികൾ രണ്ട് വീതവും കേരള കോൺഗ്രസ്-ജോസ് വിഭാഗം ഒരുവാർഡിലും രണ്ടിടത്ത് ഇടത് സ്വതന്ത്രരും മത്സരിക്കുന്നു. യു.ഡി.എഫിൽ 35ൽ കോൺഗ്രസും ഏഴിടത്ത് മുസ്​ലിംലീഗും ഒരു വാർഡിൽ ആർ.എസ്.പിയും ഒരിടത്ത് സ്വതന്ത്രയുമാണ് ജനവിധി തേടുന്നത്. എൻ.ഡി.എയിൽ 37 വാർഡിൽ ബി.ജെ.പിയും ഒരു വാർഡിൽ ബി.ഡി.ജെ.എസും മത്സരിക്കുന്നു. പി.ഡി.പി നാല് വാർഡിലും വെൽഫെയർ പാർട്ടി പിന്തുണയുള്ളവരും എസ്.ഡി.പി.െഎയും രണ്ട് വീതം വാർഡുകളിലും മത്സരിക്കുന്നു. ഇടതുപക്ഷത്ത് കഴിഞ്ഞതവണ സഖ്യത്തിലുണ്ടായിരുന്ന െഎ.എൻ.എൽ കളത്തിന് പുറത്തായപ്പോൾ യു.ഡി.എഫിൽ സി.എം.പിയും കേരള കോൺഗ്രസും മത്സരത്തിനില്ല. 44 വാർഡുകളിലായി 165 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇതിൽ മൂന്ന് വാർഡുകളിൽ മാത്രമാണ് നേർക്കുനേർ മത്സരമുള്ളത്. 16 വാർഡുകളിൽ ത്രികോണ മത്സരവും അരങ്ങേറുന്നു. ബാക്കി 25 വാർഡുകളിലായാണ് 120 സ്ഥാനാർഥികൾ ഏറ്റുമുട്ടുന്നത്. മുന്നണി സ്ഥാനാർഥികളെ കവച്ചുവെക്കുന്ന പ്രവർത്തന മുന്നേറ്റമാണ് പല വാർഡുകളിലും സ്വതന്ത്രരും വിമതരും കാഴ്ചവെക്കുന്നത്. AP25 kayamkulam municipality കായംകുളം നഗരസഭ കായംകുളം ആകെ വോട്ടർമാർ-57582 പുരുഷന്മാർ-27066 സ്​ത്രീകൾ-30516 ട്രാൻസ്​ജെൻഡർ-1 പുതിയവോട്ടർമാർ-824

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.