പട്ടിക ജാതി-വർഗ അവഗണന: എം.എൽ.എമാരുടെ വസതിയിലേക്ക്​ മാർച്ച്​ നടത്താൻ ഹിന്ദുഐക്യവേദി

കോട്ടയം:പട്ടികജാതി-വർഗ വിഭാഗങ്ങൾ നേരിടുന്ന നീതി നിഷേധത്തിനും അതിക്രമങ്ങൾക്കും പരിഹാരം കാണേണ്ട പട്ടികജാതി -വർഗ എം.എൽ.എമാർ തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ച്​ അവരുടെ വീടുകളിലേക്ക്​ സാമൂഹിക നീതി കർമസമിതിയുടെയും മഹിള ഐക്യവേദിയുടെയും നേതൃത്വത്തിൽ 25ന് മാർച്ചും ധർണയും നടത്തുമെന്ന് ഹിന്ദു സംഘടന നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുക, പട്ടികജാതി അതിക്രമ നിരോധന നിയമം നടപ്പാക്കുക, എസ്​.സി-എസ്.ടി നിയമന അട്ടിമറി അവസാനിപ്പിക്കുക, ഫണ്ട് കൃത്യമായി വിനിയോഗിക്കുക, പട്ടികവർഗ കോളനികളുടെ ദുരിതത്തിന്​ പരിഹാരം കാണുക, മുഴുവൻ ഭൂരഹിതർക്കും ഭൂമിയും വീടും നൽകുക തുടങ്ങിയ ആവശ്യങ്ങളിലാണ്​ എം.എൽ.എമാർ അനാസ്​ഥ തുടരുന്നത്​. ഇതുസംബന്ധിച്ച്​ എം.എൽ.എമാർക്ക്​ കുറ്റപത്രം നൽകുമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജുവും കെ.പി.എം.എസ് സംസ്ഥാന സമിതി അംഗം എൻ.കെ. നീലകണ്ഠനും അറിയിച്ചു. എ.കെ.സി.എച്ച്.എം എസ് സംസ്ഥാന പ്രസിഡൻറ്​ പി. എസ്. പ്രസാദ്, മഹിള ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹൻ, ഹിന്ദുഐക്യവേദി ജില്ല ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി എന്നിവരും സന്നിഹിതരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.