കേരളപ്പിറവിദിനത്തിൽ സ്വതന്ത്ര ഭൂപടവുമായി സന്നദ്ധക്കൂട്ടായ്മ

കോട്ടയം: കേരളത്തിലെ 1200 തദ്ദേശ ഭരണ പ്രദേശങ്ങളുടെ അതിർത്തികൾ രേഖപ്പെടുത്തിയ സ്വതന്ത്ര ഭൂപടവുമായി ഓപൺ സ്ട്രീറ്റ് മാപ്പ് കേരള കമ്യൂണിറ്റി (ഒ.എസ്​.എം കേരള). കൂട്ടായ്​മയിലെ ​ജർമൻ മാപ്പർ ആയ ഹൈൻസ് വിയത്ത്, നവീൻ ഫ്രാൻസിസ്, മനോജ് കരിങ്ങാമഠത്തിൽ തുടങ്ങിയവർ ചേർന്ന്​ നാലുമാസമെടുത്താണ്​​​ ഇത് പൂർത്തിയാക്കിയത്. ഇൻറർനെറ്റിൽ ലഭ്യമായ പി.ഡി.എഫ് ഡോക്യുമൻെറിലെ ചിത്രങ്ങൾ അടിസ്ഥാനമാക്കി ജർമൻ സ്വദേശിയായ ഹെനിസ് ആണ് ഭൂരിഭാഗവും വരച്ചുചേർത്തത്. പേരുകളും മറ്റ്​ ടാഗുകളും കേരളത്തിലെ ഓപൺ സ്ട്രീറ്റ് മാപ്പ് കമ്യൂണിറ്റിയിലെ പ്രവർത്തകർ പൂർത്തിയാക്കി. േകരളത്തി​ൻെറ സ്വതന്ത്ര ഭൂപടത്തിനുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ കൂട്ടായ്​മയാണ്​ ഒ.എസ്​.എം കേരള. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ ഹോട്ട്സ്പോട്ടുകളും മറ്റും പ്രഖ്യാപിക്കുമ്പോൾ അത് ചിത്രീകരിക്കാൻ സ്വതന്ത്ര ഭൂപടം ലഭ്യമല്ല എന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയപ്പോഴാണ് ഇങ്ങനെ ഒരു പദ്ധതിക്ക് ഒ.എസ്​.എം കേരള തുടക്കം കുറിച്ചത്. നിലവിൽ ഭൂപടങ്ങളുടെ പി.ഡി.എഫോ ചിത്രങ്ങളോ മാത്രമാണ്​ ലഭ്യമായത്​. തദ്ദേശ തെരഞ്ഞെടുപ്പ് വരുന്ന വേളയിൽ, വാർഡ് തലത്തിലുള്ള ഡിജിറ്റൽ ഭൂപടനിർമാണവും കൂട്ടായ്മ ആരംഭിച്ചിട്ടുണ്ട്. കൊച്ചി കോർപറേഷ​ൻെറയും കാഞ്ഞങ്ങാട് നഗരസഭയുടെയും വാർഡുതല ഡിജിറ്റൽ ഭൂപടം പരീക്ഷണാടിസ്ഥാനത്തിൽ ചേർത്തുകഴിഞ്ഞു. ഇത്തരം മാപ്പുകൾ വിക്കിപീഡിയയിലെ പഞ്ചായത്തുകളെ സംബന്ധിച്ച താളുകളിലേക്ക് കൂട്ടിച്ചേർക്കുന്ന പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്ന് മാപ്പറും വിക്കിപീഡിയ സന്നദ്ധപ്രവർത്തകനുമായ നവീൻ ഫ്രാൻസിസ് പറഞ്ഞു. കൃത്യമായ റഫറൻസ് ലഭ്യമല്ലാത്തതിനാൽ തദ്ദേശഭരണ അതിർത്തികളുടെ കൃത്യതയിൽ മാപ്പിൽ പോരായ്മകളുണ്ടെങ്കിലും പ്രാദേശിക അറിവുള്ള ആളുകൾക്ക് അത് തിരുത്തി കൂടുതൽ മെച്ചപ്പെടുത്താനാകുമെന്ന് ഒ.എസ്​.എം കേരള പ്രവർത്തകനായ മനോജ് കരിങ്ങാമഠത്തിൽ പറഞ്ഞു. പൊതുസമൂഹത്തിന് ഉപകരിക്കുന്ന ഇത്തരം വിവരങ്ങൾ 'ഓപൺ ​േഡറ്റ ലൈസൻസി'ൽ പ്രസിദ്ധീകരിക്കണമെന്ന ദീർഘകാല ആവശ്യം ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഭൂപടം ഓപൺ സ്ട്രീറ്റ് മാപ്പ് പോർട്ടലിൽ (openstreetmap.org) ലഭ്യമാണ്. ഓപൺ സ്ട്രീറ്റ് മാപ്പിന് കടപ്പാടോടെ ഏത്​ ആവശ്യത്തിനും ഉപയോഗിക്കാവുന്ന മാപ്പ് ഒ.എസ്​.എം പോർട്ടലിൽനിന്നോ www.opendatakerala.org വെബ്സൈറ്റിൽനിന്നോ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.