ശബരിമല പാതയിലെ വിണ്ടുകീറിയ റോഡി​െൻറ പുനർനിർമാണം: ടെൻഡർ നാളെ

ശബരിമല പാതയിലെ വിണ്ടുകീറിയ റോഡി​ൻെറ പുനർനിർമാണം: ടെൻഡർ നാളെ പത്തനംതിട്ട: ശബരിമല പാതയിൽ ചാലക്കയത്തിനു സമീപം പ്ലാന്തോട് ഭാഗത്ത് റോഡ്​ കുറുകെ വിണ്ടുകീറിയത്​ പുനർനിർമിക്കാനുള്ള ടെൻഡർ വെള്ളിയാഴ്​ച നടക്കും. പത്തിന്​ തന്നെ പണിതുടങ്ങണമെന്നാണ്​ കരാർ. നിർമാണം പൂർത്തിയാകണമെങ്കിൽ ഒക്​ടോബർ 30 ആകുമെന്ന​ു കാണിച്ച്​ പൊതുമരാമത്ത്​ വിഭാഗം ഹൈകോടതിയിൽ റിപ്പോർട്ട്​ നൽകിയിരുന്നു. 1.70 കോടിയാണ് എസ്​റ്റിമേറ്റ്. വിള്ളൽ വീണ 100 മീറ്റർ ഭാഗമാണ് പുനർനിർമിക്കുക. സംരക്ഷണഭിത്തിയും ബലപ്പെടുത്തേണ്ടതുണ്ട്. ആഗസ്​റ്റ്​ ആദ്യആഴ്ചയിൽ ഉണ്ടായ ശക്തമായ മഴയിലാണ് പ്ലാന്തോട്​ ഭാഗത്ത്​ റോഡ് വിണ്ടുകീറി ഗതാഗതം തടസ്സപ്പെട്ടത്​. ഇതോടെ ശബരിമലയിൽ വിവിധ നിർമാണ പ്രവർത്തനങ്ങൾക്കുള്ള സാധനങ്ങൾ എത്തിക്കുന്നതും നിലച്ചു. പമ്പയിലെ സംരക്ഷണഭിത്തിക്കായി കരിങ്കല്ല്, പമ്പയിലെ പെട്രോൾ പമ്പിൽ ഇന്ധനം തുടങ്ങിയവ എത്തിക്കാൻ സാധിക്കുന്നില്ല. സന്നിധാനത്തേക്കുള്ള അത്യാവശ്യ പൂജാസാധനം ഉൾപ്പെടെ ഇപ്പോൾ പൊലീസ് ജീപ്പിലും മറ്റുമായാണ് കൊണ്ടുപോകുന്നത്. പത്തനംതിട്ട-പമ്പ കെ.എസ്.ആർ.ടി.സി സർവിസും നിർത്തിയിരിക്കുകയാണ്. അട്ടത്തോടുവരെ മാത്രമേ വാഹനങ്ങൾ വരുന്നുള്ളൂ. പൊലീസി​ൻെറയും വനം വകുപ്പി​ൻെറയും ജീപ്പുകൾ മാത്രമേ കടത്തിവിടുന്നുള്ളൂ. റോഡി​ൻെറ ഒരുഭാഗം ഗർത്തമാണ്. എതിർവശം മലയുമാണ്. തുലാമാസ പൂജക്കായി ശബരിമല നട തുറക്കാൻ രണ്ടാഴ്ച മാത്രമാണുള്ളത്​. ഒക്​ടോബർ 16നാണ്​ നട തുറക്കുന്നത്​. റോഡ്​ നിർമാണം വൈകുന്നത് ഭക്തരെ പ്രവേശിപ്പിക്കുന്നതിന്​ തടസ്സമാകും. കോവിഡ്​ സാഹചര്യത്തിൽ ആറുമാസത്തെ നിരോധനത്തിന​ുശേഷം പരീക്ഷണ അടിസ്ഥാനത്തിൽ ഭക്തരെ സന്നിധാനത്തേക്ക്​ കടത്തിവിടാനാണ്​ സർക്കാറി​ൻെറ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.