പിടിയിലായ പ്രതികൾ
കൊല്ലം: അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി അറസ്റ്റിൽ. പട്ടത്താനം ഭാവന നഗർ 35എയിൽ റാഫി (42) ആണ് ചെമ്മാൻ മുക്കിൽ നിന്ന് തിങ്കളാഴ്ച ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
പട്ടത്താനം വേപ്പാലിൻമൂട് ഭാവന നഗർ 280 ബിയിൽ ഫിലിപ്പ് (42) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. സംഭവത്തിൽ അയൽവാസികളായ പട്ടത്താനം ഭാവനാനഗർ 36എയിൽ മനോജ് (45), ഇയാളുടെ ബന്ധു പട്ടത്താനം ഭാവനനഗർ ചെറുപുഷ്പം വില്ലയിൽ ജോൺസൺ എന്നിവരെ ഞായറാഴ്ച ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഞായറാഴ്ച വൈകീട്ട് 5.30ഓടെ ജോൺസന്റെ വീടിന് മുന്നിൽവെച്ചാണ് സംഭവം നടന്നത്. ഫിലിപ്പിന്റെ വളർത്തുനായയുമായി പ്രതികളുടെ വീടിന് സമീപത്തു കൂടി പോയതാണ് തർക്കത്തിലേക്ക് നയിച്ചത്.
മനോജ് വീട്ടിൽനിന്ന് കൊണ്ടുവന്ന കത്തികൊണ്ട് ഫിലിപ്പിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നു.
മനോജിനെ സംഭവസ്ഥലത്ത് നിന്നും തർക്കത്തിനിടെ കൈക്ക് പരിക്കേറ്റ ജോൺസനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.
കൊല്ലപ്പെട്ട ഫിലിപ്പിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം നടത്തി. കേസിലെ പ്രതികളായ മനോജ്, ജോൺസൺ, റാഫി എന്നിവരെ അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തുമെന്നും ഈസ്റ്റ് പൊലീസ് പറഞ്ഞു.
ഈസ്റ്റ് എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. മൂവർക്കുമെതിരെ 302 വകുപ്പ് പ്രകാരം കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വൈകീട്ടോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.