കൊല്ലം: കൊല്ലം തീരത്ത് നങ്കൂരമിട്ടിരുന്ന ടഗ് ബോട്ട് തിരയിൽപെട്ട് മറിഞ്ഞു. യന്ത്രത്തകരാർ പരിഹരിക്കാൻ കൊച്ചിയിലേക്ക് പോകുംവഴി ടഗ് നിന്നുപോയതിനാൽ തിരികെ കൊണ്ടുവരുന്നതിനിടെയാണ് അപകടം.
കൊല്ലം തീരത്തിനടുത്തെത്തിയശേഷം നങ്കൂരമിടാൻ അനുമതി കാത്തുകിടക്കുന്നതിനിടെ ശക്തമായ തിരയിൽപെട്ട് കടൽഭിത്തിയിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അന്തർ സംസ്ഥാന തൊഴിലാളികളായ ആറ് പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഗുജറാത്ത് സ്വദേശി വിനയ് വർമയുടെ ഉടമസ്ഥതയിലുള്ള എം.ടി സാവിത്രി ടഗാണ് ചൊവ്വാഴ്ച്ച പുലർച്ച 4.30ഓടെ ചവറ നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിക്ക് പടിഞ്ഞാറ് തിരയിൽപെട്ടത്. ടഗിലുണ്ടായിരുന്ന ഒഡിഷ ബഡാപാലി രാജ് നഗറിൽ പ്രകാശ് പ്രധാൻ (27), ആന്ദ്രപ്രദേശ് നൻപാട് മണികണ്ഠൻ (21), പശ്ചിമ ബംഗാൾ ദുർഗാപൂർ അബുലഹബ് ( 30), ആന്ധ്ര സ്വദേശി ജി. ബാലകൃഷ്ണൻ (32), ബിഹാർ പട്ന സ്വദേശി പ്രദീപ് കുമാർ (30), ഒഡിഷ സ്വദേശി രാജേന്ദ്രകുമാർ പ്രധാൻ (25) എന്നിവരാണ് രക്ഷപ്പെട്ടത്.
വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടെത്തിയ ടഗ് അഞ്ചുമാസമായി കൊല്ലം തങ്കശ്ശേരി ബ്രേക്ക് വാട്ടർ ഭാഗത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു. രണ്ട് എൻജിനുള്ള ടഗിന്റെ ഒരു യന്ത്രം വെള്ളത്തിൽ വീണതിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി കൊച്ചിയിലേക്ക് പോകുന്ന വഴി രണ്ടാമത്തെ യന്ത്രവും തകരാറിലായി. തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് നീണ്ടകരയിൽനിന്ന് ബോട്ടെത്തി ടഗിനെ കെട്ടിവലിച്ച് നീണ്ടകര തുറമുഖത്തിന് സമീപമെത്തിച്ചു. തുറമുഖത്തേക്ക് അടുപ്പിക്കാൻ പോർട്ട് ഉദ്യോഗസ്ഥരുടെ അനുമതിക്കായി നങ്കൂരമിട്ട് കിടക്കുന്നതിനിടെ ശക്തമായ കാറ്റിലും തിരയിലും നങ്കൂരം പൊട്ടി പാറയിൽ ഇടിച്ചുകയറി മറിയുകയായിരുന്നു.
ടഗിലുണ്ടായിരുന്നവർ കരയിലേക്ക് ചാടി രക്ഷപ്പെട്ടു. നിസ്സാര പരിക്കേറ്റ ഇവർ നീണ്ടകര ഫൗണ്ടേഷൻ ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.