അഞ്ചാലുംമൂട് : പിതാവിനൊപ്പം മത്സ്യബന്ധനത്തിനുപോയ മകൻ വള്ളം മറിഞ്ഞ് കാണാതായി. കുരീപ്പുഴ വടക്കടത്തുവടക്കതില് സിബിന്‍ദാസ് (19) നെയാണ് കാണാതായത്. തിങ്കളാഴ്ച പുലർച്ച ഒരുമണിയോടെ പ്രാക്കുളം വലിയകായൽ ഭാഗത്താണ് സംഭവം. ഞായറാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയിലും കാറ്റിലും പെട്ടാണ് വള്ളം മറിഞ്ഞത്. ഞായറാഴ്ച രാത്രി 11ന് കായലിൽ വലവിരിച്ചതിനുശേഷം പുലര്‍ച്ചയോടെ വലയെടുക്കാൽ പോയപ്പോഴായിരുന്നു അപകടം. പിതാവായ യേശുദാസൻ നീന്തി കരക്കെത്തിയെങ്കിലും സിബിന്ദാസിനെ കാണാതാകുകയായിരുന്നു. തന്നോടൊപ്പം നീന്തിവരാന്‍ മകനോട് പറഞ്ഞിരുന്നതായും താന്‍ കരക്കെത്തിയശേഷം നോക്കിയപ്പോഴാണ് സിബിനെ കാണാതായ വിവരം അറിയുന്നതെന്നും യേശുദാസൻ പറഞ്ഞു. കാണാതായ സിബിൻദാസ് ബിരുദ വിദ്യാർഥിയാണ്. തിങ്കളാഴ്ച രാവിലെ മുതല്‍ അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം, കോസ്റ്റല്‍ പൊലീസ്, അഞ്ചാലുംമൂട് പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും രാത്രിവരെയും കണ്ടെത്താനായില്ല. വെളിച്ചക്കുറവുമൂലം സന്ധ്യയോടെ തിരച്ചിൽ നിർത്തി. മാതാവ് : സിന്ധുദാസ്. സഹോദരൻ: സിജുദാസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.